ഓക്‌ലന്‍ഡ്: ഇന്ത്യക്ക് എതിരെ ഏകദിന പരമ്പര സ്വന്തമാക്കി ന്യൂസിലന്‍ഡ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരിയില്‍ ഓക്‌ലാന്‍ഡില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ആതിഥേയർക്ക് മുന്നില്‍ കോലിയും കൂട്ടരും തകർന്നടിഞ്ഞു. ഇന്ത്യക്ക് എതിരെ കിവീസ് 22 റണ്‍സിന്‍റെ ജയം സ്വന്തമാക്കി. ആതിഥേയർ ഉയർത്തിയ 274 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടർന്ന ടീം ഇന്ത്യ 48.3 ഓവറില്‍ 251 റണ്‍സെടുത്ത് കൂടാരം കയറി.
52 റണ്‍സോടെ അർദ്ധ സെഞ്ച്വറി എടുത്ത ശ്രേയസ് അയ്യരും 55 റണ്‍സോടെ അർദ്ധ സെഞ്ച്വറി എടുത്ത രവീന്ദ്ര ജഡേജയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. 57 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു ശ്രേയസിന്‍റെ ഇന്നിങ്‌സ്. 73 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും ഉൾപ്പെടുന്നതായിരുന്നു ജഡേജയുടെ ഇന്നിങ്സ്. മുന്‍നിരയും മധ്യനിരയും നിലം തൊടാതെ പുറത്തായപ്പോൾ വാലറ്റം മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. വാലറ്റത്ത് 49 പന്തില്‍ 45 റണ്‍സെടുത്ത് നവദീപ് സെയ്‌നി പിടിച്ചുനിന്നു. ജാമിസണിന്‍റെ പന്തില്‍ താരം ബ്ലൗൾഡായി പുറത്താവുകയായിരുന്നു.
ടിം സോത്തിയും വിരാട് കോലിയും.
എട്ടാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയും നവദീപ് സെയ്‌നിയും ചേർന്നാണ് മത്സരത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടുണ്ടാക്കിയത്. ഇരുവരും ചേർന്ന് 76 റണ്‍സ് സ്‌കോർ ബോഡില്‍ കൂട്ടിച്ചേർത്തു. ഓപ്പണർ മായങ്ക് അഗർവാൾ മൂന്നാമത്തെ ഓവറില്‍ മൂന്ന് റണ്‍സെടുത്തും അഞ്ചാമത്തെ ഓവറില്‍ പ്രിഥ്വി ഷാ 24 റണ്‍സെടുത്തും പുറത്തായി. പിന്നാലെ മൂന്നാമനായി ഇറങ്ങിയ നായകന്‍ വിരാട് കോലി 15 റണ്‍സെടുത്ത് പുറത്തായി. അഞ്ചാമനായി ഇറങ്ങിയ ലോകേഷ് രാഹുലിനും നിലയുറപ്പിക്കാനായില്ല. എട്ട് പന്തില്‍ നാല് റണ്‍സ് മാത്രം എടുത്ത് താരം പുറത്തായി. 27 പന്തില്‍ ഒമ്പത് റണ്‍സെടുത്ത് കേദാർ ജാദവും 15 പന്തില്‍ 18 റണ്‍സെടുത്ത് ശർദ്ദുല്‍ ഠാക്കൂറും യുസ്‌വേന്ദ്ര ചഹല്‍ 12 പന്തില്‍ 10 റണ്‍സെടുത്തും പുറത്തായി. കിവീസിനായി ഹാമിഷ് ബെന്നറ്റ് ടിം സോത്തി, കെയില്‍ ജാമിസണ്‍, ഗ്രാന്‍ഡ്‌ഹോമ്മി എന്നിവർ രണ്ട് വിക്കറ്റ് വീതവും ജെയിംസ് നിഷാം ഒരു വിക്കറ്റും വീഴ്‌ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 237 റണ്‍സെടുത്തു. അർദ്ധ സെഞ്ച്വറിയോടെ 79 റണ്‍സെടുത്ത മാർട്ടിന്‍ ഗപ്‌റ്റിലിന്‍റെയും 73 റണ്‍സെടുത്ത് അർദ്ധ സെഞ്ച്വറിയോടെ പുറത്താകാതെ നിന്ന റോസ് ടെയ്‌ലറുമാണ് കിവീസ് നിരയില്‍ തിളങ്ങിയത്.
ഇന്ത്യക്ക് വേണ്ടി യുസ്‌വേന്ദ്ര ചഹല്‍ മൂന്ന് വിക്കറ്റും ശർദ്ദുല്‍ ഠാക്കൂർ രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഫെബ്രുവരി 11-ന് മൗണ്ട് മൗണ്‍ഗുനായിയില്‍ നടക്കും. ഏകദിന പരമ്പരയിലെ ആദ്യ മത്സരം ന്യൂസിലന്‍ഡ് 11 പന്ത് ശേഷിക്കെ നാല് വിക്കറ്റിന് സ്വന്തമാക്കിയിരുന്നു. നേരത്തെ ന്യൂസിലന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായി ടീം ഇന്ത്യ 5-0 ത്തിന് ടി20 പരമ്പര സ്വന്തമാക്കിയിരുന്നു. പര്യടനത്തിന്‍റെ ഭാഗമായുള്ള രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരക്ക് ഫെബ്രുവരി 21-ന് വില്ലിങ്‌ടണില്‍ തുടക്കമാകും.