ഹൈദരാബാദ്:ഇന്ത്യയില്‍ സമീപകാലത്തൊന്നും ക്രിക്കറ്റ് പുനരാരംഭിക്കില്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഐപിഎല്‍ ഉൾപ്പെടെയുള്ള മത്സരങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ഗാംഗുലി.
രാജ്യത്ത് സമീപകാലത്തൊന്നും ക്രിക്കറ്റ് ഉണ്ടാകില്ലെന്ന് സൗരവ് ഗാംഗുലി - ബിസിസിഐ വാർത്ത
മനുഷ്യ ജീവനാണ് ഏത് കായിക വിനോദത്തെക്കാളും പ്രാധാന്യമെന്നും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി
മത്സരങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യജീവന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയരുമ്പോൾ കായിക മത്സരങ്ങൾ നടത്തുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. മുന്‍ ഇന്ത്യന്‍ സ്‌പിന്നർ ഹർഭജന്‍ സിങ് ഗാംഗുലിക്ക് പിന്തുണയുമായി രംഗത്ത് വന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലായാലും ഐപിഎല്‍ നടത്തുന്നത് ഉചിതമാകില്ല. ടീം അംഗങ്ങൾ യാത്ര ചെയ്യുമ്പോൾ അവരെ കാണാന്‍ ആരാധകർ ഹോട്ടലുകൾക്ക് മുന്നിലും വിമാനത്താവളങ്ങളിലും സ്റ്റേഡിയത്തിന് പുറത്തും തടിച്ചുകൂടും. എത്രത്തോളം ഇവിടങ്ങളില്‍ നമുക്ക് സാമൂഹ്യ അകലം പാലിക്കാനാകും. കൊവിഡ് പ്രതിരോധ വാക്സിന്‍ കണ്ടുപിടിക്കുന്നത് വരെ ക്രിക്കറ്റ് മത്സരങ്ങൾ നടക്കാന്‍ സാധ്യത കുറവാണെന്നും സൗരവ് ഗാംഗുലി കൂട്ടിച്ചേർത്തു.
അതേസമയം ഐപിഎല്‍ പോലുള്ള ടൂർണമെന്‍റുകൾ സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുന്നത് സംബന്ധിച്ച നിർദ്ദേശം പരിഗണനയിലാണ്. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് യാഥാർത്ഥ്യമാകാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെയും ഓസ്‌ട്രേലിയന്‍ സർക്കാരിന്‍റയും ഐസിസിയുടെയും അനുമതി ആവശ്യമാണ്. നേരത്തെ ലോക്ക് ഡൗണ്‍ നീട്ടിയതിനെ തുടർന്നാണ് ബിസിസിഐ ഐപിഎല്‍ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചത്.