കേരളം

kerala

ETV Bharat / sports

'ക്യാപ്റ്റന്‍ സ്ഥാനം ഒഴിവില്ല': സ്റ്റീവ് സ്മിത്തിന് മറുപടിയുമായി ജസ്റ്റിൻ ലാംഗർ

'ഞങ്ങള്‍ക്ക് മികച്ച രണ്ട് ക്യാപ്റ്റന്മാരുണ്ട്. വളരെ പ്രധാന്യം അര്‍ഹിക്കുന്ന രണ്ട് ടൂര്‍ണമെന്‍റുകളാണ് ഇനി വരാനിരിക്കുന്നത്. ടി20 ലോകകപ്പും ആഷസ് പരമ്പരയും. ഭാവി മികച്ചതായാണ് കാണുന്നത്' ജസ്റ്റിൻ ലാംഗർ പറഞ്ഞു.

By

Published : Mar 30, 2021, 7:56 PM IST

Justin Langer  Australia  Steve Smith  സ്റ്റീവ് സ്മിത്ത്  ജസ്റ്റിൻ ലാംഗർ  ഓസീസ്
'ക്യാപ്റ്റന്‍ സ്ഥാനം ഒഴിവില്ല': സ്റ്റീവ് സ്മിത്തിന് മറുപടിയുമായി ജസ്റ്റിൻ ലാംഗർ

സിഡ്നി: ഓസീസ് ടീമിനെ വീണ്ടും നയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന് മറുപടിയുമായി മുഖ്യ പരിശീലകന്‍ ജസ്റ്റിൻ ലാംഗർ. ദേശീയ ടീം സുരക്ഷിതമായ കരങ്ങളിലാണെന്നും സമീപ ഭാവിയില്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിവ് വരില്ലെന്നുമായിരുന്നു ജസ്റ്റിന്‍ ലാംഗറിന്‍റെ പ്രതികരണം.

'ഞങ്ങള്‍ക്ക് മികച്ച രണ്ട് ക്യാപ്റ്റന്മാരുണ്ട്. വളരെ പ്രധാന്യം അര്‍ഹിക്കുന്ന രണ്ട് ടൂര്‍ണമെന്‍റുകളാണ് ഇനി വരാനിരിക്കുന്നത്. ടി20 ലോകകപ്പും ആഷസ് പരമ്പരയും. ഭാവി മികച്ചതായാണ് കാണുന്നത്' ജസ്റ്റിൻ ലാംഗർ പറഞ്ഞു. 'നിലവില്‍ ഒരു ക്യാപ്റ്റന്‍ സ്ഥാനവും ലഭ്യമല്ലെ'ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസീസിന്‍റെ ടെസ്റ്റ്, ഏകദിന ടീമുകളെ ടിം പെയ്നും ടി20 ടീമിനെ ആരോണ്‍ ഫിഞ്ചുമാണ് നിലവില്‍ നയിക്കുന്നത്.

പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്മിത്തിന് ഏര്‍പ്പെടുത്തിയ രണ്ടു വര്‍ഷത്തെ ക്യാപ്റ്റന്‍സി വിലക്ക് അവസാനിച്ചതിന് പിന്നാലെയാണ് ആഗ്രഹം വെളിപ്പെടുത്തി താരം രംഗത്തെത്തിയത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ (സി‌എ) അത്തരത്തിലൊരു തീരുമാനത്തിലെത്തുകയാണെങ്കില്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നായിരുന്നു സ്മിത്ത് നേരത്തെ പറഞ്ഞിരുന്നത്.

2018-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ് ടൗണില്‍ നടന്ന ടെസ്റ്റിലാണ് സ്മിത്ത് പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ടത്. അന്ന് ഓസീസ് ടീമിന്‍റെ ക്യാപ്റ്റനായിരുന്ന സ്മിത്തിന് 12 മാസത്തെ വിലക്കും, ക്യാപ്റ്റന്‍സി വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് മാറിയ സ്മിത്ത് നേരത്തെ തന്നെ ദേശീയ ടീമില്‍ തിരിച്ചെത്തിയെങ്കിലും കഴിഞ്ഞ ദിവസമാണ് ക്യാപ്റ്റന്‍സി വിലക്ക് നീങ്ങിയത്.

ABOUT THE AUTHOR

...view details