ന്യൂഡല്‍ഹി:കൊവിഡ് പ്രതിസന്ധികള്‍ക്ക് വിരാമമായില്ലെങ്കിലും അടുത്തവര്‍ഷത്തെ ടി20 ലോകകപ്പ് ഇന്ത്യയില്‍ തന്നെയെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ജയ്‌ഷക്കൊപ്പം ടി20 ലോകകപ്പ് കിരീടവുമായി നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്‌താണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്.
ലോകകപ്പിന്‍റെ ഏഴാമത്തെ പതിപ്പാണ് അടുത്ത വര്‍ഷം അരങ്ങേറാനിരിക്കുന്നത്. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലായി ടൂര്‍ണമെന്‍റ് അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് വര്‍ഷം മുമ്പാണ് അവസാനമായി ടി20 ലോകകപ്പ് ഇന്ത്യയില്‍ നടന്നത്. 2016ല്‍ നടന്ന ലോകകപ്പിന്‍റെ ഫൈനല്‍ പോരാട്ടം കൊല്‍ക്കത്തയിലായിരുന്നു. അന്ന് ഈഡന്‍ ഗാര്‍ഡനില്‍ നടന്ന കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ് കപ്പടിച്ചു.