ക്രൈസ്റ്റ്ചർച്ച്: ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തെ വിമർശിക്കാന്‍ തയാറല്ലെന്ന് പേസർ ജസ്‌പ്രീത് ബുമ്ര. ക്രൈസ്റ്റ് ചർച്ച് ടെസ്റ്റില്‍ രണ്ടാം ദിവസം കളി അവസാനിപ്പിച്ച ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് ബുമ്ര ബാറ്റിങ് പ്രകടനത്തെ വിമർശിക്കാതെ രംഗത്ത് വന്നത്. നേരത്തെ ആദ്യ ദിവസം കളി അവസാനിപ്പിച്ച ശേഷം നടന്ന വാർത്താസമ്മേളനത്തില്‍ ഇന്ത്യന്‍ താരം ഹനുമ വിഹാരി ടീമിന്‍റെ ബാറ്റിങ് പ്രകടനത്തിലെ പിഴവുകൾ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ വിഹാരിയുടെ നിലപാടിന് സമാനമായ നിലപാട് സ്വീകരിക്കാന്‍ ബുമ്ര തയാറായില്ല.
പഴിചാരുന്നതില്‍ ഞങ്ങൾ വിശ്വസിക്കുന്നില്ലെന്ന് ബുമ്ര പറഞ്ഞു. ടീമെന്ന നിലയില്‍ അത് ഞങ്ങളുടെ സംസ്‌കാരമല്ല. ചില ദിവസങ്ങളില്‍ ബൗളർമാർക്ക് വിക്കറ്റ് എടുക്കാന്‍ സാധിച്ചെന്ന് വരില്ല. അപ്പോൾ ബൗളർമാരെ കുറ്റപ്പെടുത്താന്‍ ബാറ്റ്സ്‌മാന്‍മാർ ശ്രമിക്കില്ല. വ്യക്തിഗത പ്രകടങ്ങളെ കുറിച്ച് വിമർശിക്കാന്‍ താന്‍ ആളല്ല. ടീം ഇന്ത്യ മൂന്നാം ദിവസം കഴിയാവുന്നത്ര ലീഡ് സ്വന്തമാക്കാൻ ശ്രമിക്കും. രണ്ടാം ഇന്നിങ്സില്‍ കിവീസ് ബാറ്റ്സ്‌മാന്‍മാരെ സമ്മർദത്തിലാക്കാന്‍ ശ്രമിക്കുമെന്നും ബുമ്ര കൂട്ടിച്ചേർത്തു. ഇതിലൂടെ കൂടുതല്‍ വിക്കറ്റുകൾ സ്വന്തമാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി തന്നാലാവുന്നത് ശ്രമിക്കും. കളിയുടെ ഫലത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. എങ്ങനെ പദ്ധതികൾ നടപ്പാക്കാമെന്നതിനെ കുറിച്ചാണ് ശ്രദ്ധിക്കുന്നതെന്നും ബുമ്ര പറഞ്ഞു. അതേസമയം രണ്ടാം ഇന്നിങ്സില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ കിവീസ് പേസർ ട്രന്‍ഡ് ബോൾട്ട് മികച്ച പ്രകടമാണ് പുറത്തെടുത്തതെന്നും ബുമ്ര കൂട്ടിച്ചേർത്തു.