ഹാമില്‍ട്ടണ്‍: ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലന്‍റ് ഭേദപ്പെട്ട സ്‌കോറിലേക്ക്. നാലാം ദിവസം രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍റ് കളി അവസാനിപ്പിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെടുത്തു. 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയിന്‍ വില്യംസും 31 റണ്‍സെടുത്ത റോസ് ടെയ്‌ലറുമാണ് ക്രീസില്‍. ഇംഗ്ലണ്ടിനെതിരെ ലീഡ് നേടാന്‍ ന്യൂസിലന്‍റിന് അഞ്ച് റണ്‍ കൂടി എടുക്കണം.
ഓപ്പണർമാരുടെ വിക്കറ്റാണ് ന്യൂസിലന്‍റിന് നഷ്ടമായത്. 29 പന്തില്‍ 18 റണ്‍സെടുത്ത ലാതം, ക്രിസ് വോക്സിന്‍റെ പന്തില്‍ റൂട്ടിന് ക്യാച്ച് വഴങ്ങിയാണ് പുറത്തായത്. ജീറ്റ് റാവല്‍, സാം കുറാന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി റണ്ണൊന്നും എടുക്കാതെയും പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി സാം കുറാനും ക്രിസ് വോക്സും ഒരോ വിക്കറ്റുകൾ വീതം നേടി.
നേരത്തെ 269 റണ്‍സിന് അഞ്ച് വിക്കറ്റെന്ന നിലയല്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 476 റണ്‍സിന് കൂടാരം കയറി. ഒന്നാം ഇന്നിങ്സില്‍ 101 റണ്‍സിന്‍റെ ലീഡാണ് സന്ദർശകർക്കുള്ളത്. 226 റണ്‍സെടുത്ത നായകന്‍ ജോ റൂട്ടിന്‍റെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. റൂട്ടിന്‍റെ മൂന്നാമത്തെ ഡബിൾ സെഞ്ച്വറിയാണ് ഇന്ന് പിറന്നത്.
209 പന്തില്‍ 101 റണ്‍സെടുത്ത റോറി ബോണും 202 പന്തില്‍ 75 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ഒല്ലീ പോപ്പും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ഇംഗ്ലണ്ടിനെ സഹായിച്ചു. ന്യൂസിലന്‍റിന് വേണ്ടി ആദ്യ ഇന്നിങ്സില്‍ നെയില്‍ വാഗ്നർ അഞ്ച് വിക്കറ്റും ടിം സോത്തി രണ്ട് വിക്കറ്റും മാറ്റ് ഹെന്‍ട്രി മിച്ചെല്‍ സന്‍ടനർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍റ് 375 റണ്‍സെടുത്ത് ഓൾ ഔട്ടായി. 105 റണ്‍സെടുത്ത ടോം ലാതമിന്‍റെ പിന്‍ബലത്തിലാണ് ന്യൂസിലന്‍റ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് ന്യൂസിലന്‍റ് ഇന്നിങ്സിനും 65 റണ്‍സിനും സ്വന്തമാക്കിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ജയിച്ചാല്‍ മാത്രമേ പരമ്പര സമനിലയിലെങ്കിലും അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കൂ. ആതിഥേയരോട് ഹാമില്‍ടണില്‍ മത്സരം കൈവിട്ടാല്‍ ആഷസിനുശേഷം ഇംഗ്ലണ്ടിന് തുടര്‍ച്ചയായ രണ്ടാം പരമ്പരയും നഷ്ടമാകും.