ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകന്‍ - പുതിയ പരിശീലകന്‍
നിലവിലെ ഫാസ്റ്റ് ബൗളിങ്ങ് കോച്ച് ക്രിസ് സില്‍വർവുഡിനെ ഇംഗ്ലണ്ട് ടീമിന്‍റെ പുതിയ പരിശീലകനായി നിയമിച്ചു.
![ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4680197-1091-4680197-1570451538240.jpg)
ലണ്ടന്‍:ബൗളിങ്ങ് കോച്ച് ക്രിസ് സില്‍വർവുഡിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനായി ഇംഗ്ലണ്ട് ആന്‍റ് വെയില്‍സ് ക്രിക്കറ്റ് ബോർഡ് ഐക്യകണ്ഠേന തെരഞ്ഞടുത്തു. 44 വയസുള്ള ക്രിസ് സില്‍വർവുഡ് ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിന്‍റെ ബൗളിങ്ങ് കോച്ചായിരുന്നു. ലോകകപ്പ് മത്സരത്തില്‍ സില്‍വർവുഡ് ബൗളിങ്ങ് കോച്ചെന്ന നിലയില്‍ നിർണായക പങ്കാണ് വഹിച്ചതെന്ന് ബോർഡ് മാനേജിങ് ഡയറക്‌ടർ ആഷ്‌ലി ഗില്‍സ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി പരിശീലന രംഗത്ത് തുടരുന്ന തനിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ ഉൾപെടെ ഏറെ ചെയ്യാന്‍ സാധിക്കുമെന്ന കോച്ചായി തെരഞ്ഞെടുക്കപെട്ട സില്‍വർവുഡും പ്രതികരിച്ചു. ധാരാളം പുതിയ പ്രതിഭകൾ ഉയർന്ന് വരുന്നുണ്ടെന്നും വരാനിരുക്കുന്ന ന്യൂസിലാന്‍റ് സൗത്ത് ആഫ്രിക്ക പര്യടനങ്ങളില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
പ്രധാന പരിശീലകനെന്ന നിലയില്‍ നവംബർ ആദ്യം നടക്കുന്ന ന്യൂസിലാന്‍റ് പര്യടനത്തിലായിരക്കും സില്‍വർവുഡ് ഇംഗ്ലണ്ട് ടീമിനൊപ്പം ചേരുക. 1996-2002 കാലയളവില്‍ ഇംഗ്ലണ്ടിന് വേണ്ടി ഏഴ് ഏകദിന മത്സരങ്ങളിലും ആറ് ടെസ്റ്റ് മത്സരങ്ങളിലും സില്‍വർവുഡ് കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം 2010-ലാണ് പരിശീലന രംഗത്തേക്ക് കടക്കുന്നത്. 2017 അവസാനമാണ് അദ്ദേഹം ഇംഗ്ലണ്ട് ടീമിന്‍റെ ഫാസ്റ്റ് ബൗളിങ് കോച്ചായി നിയമിതനായത്. മുന്‍ ഇംഗ്ലണ്ട് ടീം പരിശീലകന്‍ ട്രേവര്‍ ബെയ്‌ലിസ് ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ കോച്ചാകുമെന്നാണ് സൂചന.