കാന്‍ബറ: അന്താരാഷ്‌ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വിക്കറ്റ് വീഴ്‌ത്തി ഇന്ത്യന്‍ പേസര്‍ ടി നടരാജന്‍. കാന്‍ബറയില്‍ ഓപ്പണര്‍ മാര്‍നസ് ലബുഷെയിന്‍റ വിക്കറ്റാണ് നടരാജന്‍ തെറിപ്പിച്ചത്. ആറാമത്തെ ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്‌ത്താന്‍ നടരാജനായി. മുഹമ്മദ് ഷമിക്ക് പകരക്കാരനായാണ് കാന്‍ബറയില്‍ നടരാജന് അന്തിമ ഇലവനില്‍ അവസരം ലഭിച്ചത്.
ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന്‍റ അടിസ്ഥാനത്തിലാണ് നേരത്തെ നടരാജന്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായത്. 303 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് വിരാട് കോലിക്കും കൂട്ടര്‍ക്കും എതിരെ മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഓസ്‌ട്രേലിയ അവസാനം വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 156 റണ്‍സെന്ന നിലയിലാണ്. 17 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ അലക്‌സ് കാരിയും റണ്ണൊന്നും എടുക്കാതെ ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ക്രീസില്‍.
ലബുഷെയിനെ കൂടാതെ മൂന്നാമനായി ഇറങ്ങി ഏഴ് റണ്‍സെടുത്ത സ്റ്റീവ് സ്‌മിത്തിന്‍റെയും 22 റണ്‍സെടുത്ത മോയിസ് ഹെന്‍ട്രിക്കിന്‍റെയും 75 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്‍റെയും വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്‌ടമായത്. നടരാജനെ കൂടാതെ ശര്‍ദുല്‍ ഠാക്കൂര്‍ രണ്ടും രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത ടീം ഇന്ത്യ ഒരു ഘത്തട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 152 റണ്‍സെന്ന നിലയില്‍ പ്രതിസന്ധിയിലായപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്രജഡേജയും ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് രക്ഷക്കെത്തിയത്. ഇരുവരും ചേര്‍ന്ന് 150 റണ്‍സാണ് സ്‌കോര്‍ ബോഡില്‍ കൂട്ടിച്ചേര്‍ത്തത്. ഹര്‍ദിക് പാണ്ഡ്യ 92 റണ്‍സെടുത്തും രവീന്ദ്ര ജഡേജ 66 റണ്‍സെടുത്തും പുറത്താകാതെ നിന്നു.
ഓസ്‌ട്രേലിയക്ക് വേണ്ടി ആഷ്‌ടണ്‍ അഗര്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ആദം സാംപ, അബോട്ട്, ഹേസില്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇതിനകം 2-0ത്തിന് ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു.