ന്യൂഡല്‍ഹി:രഞ്ജി ട്രോഫി മത്സരത്തിനിടെ ദേശീയ ഉത്തജക വിരുദ്ധ ഏജന്‍സിയായ നാഡയുടെ പരിശോധന. ഫിറോഷാ കോട്ട്ലാ ഗ്രൗണ്ടില്‍ പുരോഗമിക്കുന്ന ഡല്‍ഹി, ഹൈദരാബാദ് മത്സരത്തിനിടെ നാഡയുടെ ഡോപ്പ് കണ്‍ട്രോൾ ഓഫീസറും സഹായിയും ചേർന്ന് രണ്ട് കളിക്കാരുടെ സാമ്പിളുകൾ ശേഖരിച്ചു. മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് ലഞ്ച് സമയത്ത് ഇരു ടീമുകളിലെയും ഓപ്പണർമാരായ തന്‍മയ് അഗർവാൾ, കുനാല്‍ ചന്ദേലാ എന്നിവരുടെ യൂറിനല്‍ സാമ്പിളാണ് പരിശോധനക്കായി ശേഖരിച്ചതെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതർ വാർത്താ ഏജന്‍സിയോട് പറഞ്ഞു. ക്രമരഹിതമായ പരിശോധനക്കാണ് നാഡാ അധികൃതർ എത്തിയത്.
രഞ്ജി ട്രോഫി; മത്സരത്തിനിടെ നാഡയുടെ പരിശോധന
ഫിറോഷാ കോട്ട്ലാ ഗ്രൗണ്ടില്‍ പുരോഗമിക്കുന്ന ഡല്‍ഹിയും ഹൈദരാബാദും തമ്മിലുള്ള മത്സരത്തിനിടെ ഉത്തേജക വിരുദ്ധ ഏജെന്‍സിയായ നാഡ ഇരു ടീമുകളിലെയും ഓപ്പണർമാരുടെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു
ഈ സീസണിൽ ബിസിസിഐ നാഡയുടെ പരിധിയിൽ വന്നിട്ടുണ്ട്. അവർ തിരഞ്ഞെടുക്കുന്ന മത്സരങ്ങളിൽ രണ്ട് ക്രിക്കറ്റ് താരങ്ങൾ ക്രമരഹിതമായി പരീക്ഷിക്കപ്പെടും. എത്ര മത്സരങ്ങളിലാണ് പരിശോധനയുടെ പരിധിയില്‍ വരുകയെന്ന് വ്യക്തമായിട്ടില്ല. അണ്ടർ 19, അണ്ടർ 23 മത്സരങ്ങളും വനിതാ ടീമുകളുടെ മത്സരങ്ങളും നാഡയുടെ പരിശോധനക്ക് കീഴില്‍ വരുമെന്നും ബിസിസിഐ അധികൃതർ പറഞ്ഞു.
സാമ്പിളുകൾ ദോഹയിലെ അംഗീകൃത ലബോറട്ടറിയിലാണ് പരിശോധിക്കുക. നാഷണൽ ഡോപ്പ് ടെസ്റ്റിങ് ലബോറട്ടറിക്ക് വാഡയുടെ സസ്പെന്‍ഷന്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.