അബുദബി: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിങ് തെരഞ്ഞെടുത്തു. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ കളിച്ച ടീമിനെ മുംബൈ നിലനിര്‍ത്തിയപ്പോള്‍ മൂന്ന് മാറ്റവുമായാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന് പകരം ജോഷ് ഫിലിപ്പെയും മോയിന്‍ അലിക്ക് പകരം ശിവം ദുബെയും നവദീപ് സെയ്‌നിക്ക് പകരം ഡെയില്‍ സ്റ്റെയിനും ബാംഗ്ലൂരിന് വേണ്ടി കളിക്കും.
ബാംഗ്ലൂരിന് എതിരെ ടോസ് മുംബൈക്ക്; ബൗളിങ് തെരഞ്ഞെടുത്തു
പരിക്കേറ്റ നായകന്‍ രോഹിത് ശര്‍മ്മ ഇത്തവണയും മുംബൈക്ക് വേണ്ടി കളിക്കില്ല. മുംബൈ ഇന്ത്യന്‍സ് ടീമിനെ നിലനിര്‍ത്തിയപ്പോള്‍ മൂന്ന് മാറ്റങ്ങളുമായാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്
പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാന്‍ പൊരുതുന്ന ഇരു ടീമുകള്‍ക്കും ബാക്കിയുള്ള മൂന്ന് മത്സരങ്ങളും നിര്‍ണായകമാണ്. പോയിന്‍റ് പട്ടികയില്‍ മുംബൈയും ബാംഗ്ലൂരും ഡല്‍ഹിയും 14 പോയിന്‍റുമായി ഒപ്പത്തിനൊപ്പമാണെങ്കിലും റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ നിലവിലെ ചാമ്പ്യന്‍മാരാണ് ഒന്നാമത്. ലീഗില്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ആദ്യത്തെ രണ്ടും ജയിച്ച് പ്ലേ ഓഫ് ഉറപ്പാക്കാനാണ് മുംബൈയുടെയും ബാംഗ്ലൂരിന്‍റെയും നീക്കം.
സീസണില്‍ കഴിഞ്ഞ തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ സൂപ്പര്‍ ഓവറിലൂടെയാണ് ബാംഗ്ലൂര്‍ വിജയിച്ചത്. ഇതിനകം 11 മത്സരങ്ങള്‍ കളിച്ച മുംബൈയും ബാംഗ്ലൂരും ഏഴ് വീതം ജയം സ്വന്തമാക്കി. ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന ടീമുകളാണ് നേര്‍ക്കുനേര്‍ വരുന്നത്. ഇതിന് മുമ്പ് 26 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 16 തവണ ജയം മുംബൈക്ക് ഒപ്പം നിന്നു. 10 തവണ ബാംഗ്ലൂരും ജയിച്ചു.