ഷാര്‍ജ: ആവേശം നിറഞ്ഞ മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ മുംബൈ ഇന്ത്യന്‍സിന് 34 റണ്‍സിന്‍റെ ജയം. 209 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 174 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. നായകന്‍ ഡേവിഡ് വാര്‍ണര്‍ മുന്നില്‍ നിന്ന് നയിച്ചിട്ടും ഹൈദരാബാദിന് ജയം കണ്ടെത്താനായില്ല. വാര്‍ണര്‍ 44 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 66 റണ്‍സെടുത്ത് പുറത്തായി. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഓപ്പണറായ വാര്‍ണറുടെ ഇന്നിങ്സ്.
ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ 15 പന്തില്‍ 25 റണ്‍സെടുത്ത് പുറത്തായി. രണ്ട് വീതം ഫോറും സിക്‌സും ഉള്‍പ്പടുന്നതായിരുന്നു ബെയര്‍സ്റ്റോയുടെ ഇന്നിങ്സ്. മൂന്നാമനായി ഇറങ്ങിയ മനീഷ് പാണ്ഡെ 19 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായി. അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായ കെയിന്‍ വില്യംസണും ആറ് പന്തില്‍ എട്ട് റണ്‍സെടുത്ത പ്രിയം ഗാര്‍ഗും ഹൈദരാബാദ് നിരയില്‍ നിരാശപ്പെടുത്തി. മധ്യനിരയും വാലറ്റവും തകർന്നടിഞ്ഞതോടെ ഹൈദരാബാദ് പരാജയം സമ്മതിച്ചു. മുംബൈക്ക് വേണ്ടി പേസര്‍മാരായ ട്രെന്‍ഡ് ബോള്‍ട്ട്, ജസ്‌പ്രീത് ബുമ്ര, പാറ്റിസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റും സ്വന്തമാക്കി.