ന്യൂഡല്‍ഹി:വിരാട് കോലിയെ പിന്തുണച്ച് ടീം ഇന്ത്യയുടെ മുഖ്യ സെലക്‌ടർ എംഎസ്കെ പ്രസാദ്. കോലി മോശം സമയത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പ്രസാദ് പറഞ്ഞു. ടെസ്റ്റ് പരമ്പരയില്‍ ഒരു ഇന്നിങ്സിലും കോലിക്ക് 20 റണ്‍സില്‍ അധികം സ്വന്തമാക്കാനായില്ല. പക്ഷേ നാം സംസാരിക്കുന്നത് ഇന്ത്യയുടെ റണ്‍ മിഷ്യനായ ബാറ്റ്സ്‌മാനെ കുറിച്ചാണ്. ഒരു പരമ്പരയിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും എംഎസ്കെ പ്രസാദ് പറഞ്ഞു.
വിരാട് കോലിക്ക് പിന്തുണയുമായി എംഎസ്കെ പ്രസാദ്
ഒരു പരമ്പരയിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ വിരാട് കോലിയെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് ടീം ഇന്ത്യയുടെ മുഖ്യ സെലക്‌ടർ എംഎസ്കെ പ്രസാദ് പറഞ്ഞു
അതേസമയം പരിക്കേറ്റ് ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലിരിക്കുന്ന ശിഖർ ധവാന്‍, ഭുവനേശ്വർ കുമാർ, ഹർദിക് പാണ്ഡ്യ എന്നിവരുടെ കാര്യത്തില്‍ പുരോഗതിയുണ്ടെന്നും പ്രസാദ് പറഞ്ഞു. എന്നാല്‍ മൂന്ന് പേരും ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇടംപിടിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ബിസിസിഐ സെക്രട്ടറിയുടെ നിർദേശപ്രകാരമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കൂ. അതിനാല്‍ ഈ വിഷയത്തില്‍ മറുപടി പറയാന്‍ താന്‍ ആളല്ലെന്നും പ്രസാദ് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷമാണ് ഹർദിക് പാണ്ഡ്യയും ഭുവനേശ്വർ കുമാറും ഇന്ത്യക്കായി അവസാനം കളിച്ചത്. അതേസമയം ഈ വർഷം ജനുവരിയില്‍ ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തിലാണ് ശിഖർ ധവാന്‍ അവസാനമായി കളിച്ചത്.