കേരളം

kerala

ETV Bharat / sports

നിറയെ സ്നേഹം മാത്രം.. മഹി ഭായ്.. നിങ്ങൾ വിരമിച്ചതായി ഞങ്ങൾ കണക്കാക്കുന്നില്ല... - MSD Special Story

വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്‌മാനായും വിജയം മാത്രം ശീലിക്കുന്ന നായകനായും ധോണി ഇന്ത്യൻ ക്രിക്കറ്റിന് എല്ലാമെല്ലാമാണ്. എ കംപ്ലീറ്റ് പാക്കേജ്.

MSD Special Story
നിറയെ സ്നേഹം മാത്രം.. മഹി ഭായ്.. നിങ്ങൾ വിരമിച്ചതായി ഞങ്ങൾ കണക്കാക്കുന്നില്ല...

By

Published : Aug 16, 2020, 7:27 PM IST

Updated : Aug 16, 2020, 10:48 PM IST

കപില്‍ ദേവും സച്ചിൻ ടെൻഡുല്‍ക്കറും സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും കളിച്ചിരുന്ന കാലത്ത് ജീവിച്ചിരുന്നു എന്നത് ഒരു പക്ഷേ ഏതൊരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകന്‍റെയും ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാകും. ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി ലോകകപ്പുയർത്തിയ കപില്‍. സച്ചിൻ ടെൻഡുല്‍ക്കർ ഇന്ത്യൻ ക്രിക്കറ്റിന് ആരായിരുന്നു എന്നത് വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്തത്. ബാറ്റ് കൊണ്ടും നായക ശേഷികൊണ്ടും ഇന്ത്യൻ ക്രിക്കറ്റിനെ മുന്നില്‍ നിന്ന് നയിച്ച സൗരവ്. സമാനതകളില്ലാത്ത ബാറ്റിങ് പ്രതിഭ, ത്യാഗസന്നദ്ധനായ മാതൃകാ ക്രിക്കറ്ററായി രാഹുല്‍ ദ്രാവിഡ്....

ഇവർക്കെല്ലാമൊപ്പമോ ചിലപ്പോഴെല്ലാം അതിനും മുകളിലുമായിരുന്നു മഹേന്ദ്രസിങ് ധോണി. വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്‌മാനായും വിജയം മാത്രം ശീലിക്കുന്ന നായകനായും ധോണി ഇന്ത്യൻ ക്രിക്കറ്റിന് എല്ലാമെല്ലാമാണ്. എ കംപ്ലീറ്റ് പാക്കേജ്.

നിറയെ സ്നേഹം മാത്രം.. മഹി ഭായ്.. നിങ്ങൾ വിരമിച്ചതായി ഞങ്ങൾ കണക്കാക്കുന്നില്ല...

ഏകദിന ക്രിക്കറ്റില്‍ ഫിനിഷിങ് എന്നത് വെറുമൊരു വാക്കല്ല, പരാജയത്തിന്‍റെ പടുകുഴിയില്‍ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ശാന്തമായ യാത്രയാണത്. അത് മാത്രമായിരുന്നില്ല ഇന്ത്യയുടെ മഹി.

ഒരു ചെറു പുഞ്ചിരികൊണ്ട് മാത്രം വിജയം ആസ്വദിക്കുന്ന നായകൻ. തോല്‍വി മുന്നില്‍ നില്‍ക്കുമ്പോൾ ഫീല്‍ഡില്‍ അദ്ദേഹം വരുത്തുന്ന മാറ്റങ്ങൾ, അപ്രതീക്ഷിതമായി നടപ്പാക്കുന്ന ബൗളിങ് തന്ത്രങ്ങൾ, എതിർ ടീമിനെ പോലും വിസ്‌മയിപ്പിക്കുന്ന വിജയങ്ങൾ ജാർഖണ്ഡില്‍ നിന്നെത്തിയ ആ പഴയ നീളൻ മുടിക്കാരന് മാത്രം സാധിക്കുന്ന കാര്യങ്ങളായിരുന്നു.

എംഎസ് ധോണി

വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോൾ ബൗളറുടെ മനസിനും ബാറ്റ്‌സ്‌മാന്‍റെ പാദചലനങ്ങൾക്കുമൊപ്പം ധോണിയുടെ ക്രിക്കറ്റിങ് ബ്രെയിൻ സഞ്ചരിക്കും. ധോണിക്ക് മാത്രം ചിന്തിക്കാൻ കഴിയുന്ന വേഗത്തില്‍ ബെയ്‌ലുകൾ വീഴുമ്പോഴാകും അത് വിക്കറ്റാണെന്ന് ഗ്രൗണ്ടിലെ മറ്റ് 14 പേരും അറിയുന്നത്.

ധോണി

കോപ്പി ബുക്ക് ബാറ്റിങ് ശൈലിയും അതി സുന്ദരമായ സിഗ്‌നേച്ചർ ഷോട്ടുകളും ധോണിക്ക് പരിചിതമില്ലാത്തതാണ്. എന്നാല്‍ ബൗണ്ടറികൾ കടക്കുന്ന അൺ ഓർത്തഡോക്‌സ് ഷോട്ടുകളും ശൈലിയും മഹിക്ക് മാത്രം സ്വന്തം. ക്രിക്കറ്റിനെ സുന്ദരമാക്കുന്നത് അൻപത് ഓവറുകൾ അവസാനിക്കുമ്പോഴുള്ള വിജയം കൂടിയാണ്. അവിടെ സച്ചിൻ ടെൻഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയുമില്ല. ധോണി മാത്രം...

ധോണിയും യുവ്‌രാജും

ശ്രീലങ്കൻ ബൗളർ നുവാൻ കുലശേഖരയുടെ ഫുൾ ഡെലിവറിക്ക് മറുപടിയായി മികച്ച ഫുട്‌വർക്കും കോപ്പിബുക്ക് ശൈലിയുമുണ്ടായില്ല, പക്ഷേ ധോണിയുടെ സിഗ്‌നേച്ചർ ഷോട്ട് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ ഗാലറിയില്‍ പതിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകന്‍റെ മനസിലേക്ക് കൂടിയാണ് അയാളുടെ ഹെലിക്കോപ്‌റ്റർ ലാൻഡ് ചെയ്തത്. 39 എന്നത് അക്കങ്ങൾ മാത്രമാണ്. അതൊരു പ്രായമല്ല, ഏഴാം നമ്പറില്‍ മഹി ഭായ്, നിങ്ങൾ മാത്രമാണ് ഓർമയില്‍ നിറയുന്നത്.

ധോണി
മഹി ഭായ്
ധോണിയും വിരാട് കോലിയും

15 വർഷം... ആ പഴയ നീളൻ മുടിക്കാരനില്‍ നിന്ന് തല വെട്ടിയൊതുക്കി നരച്ച താടിയുമായി നിങ്ങൾ ഇവിടെ തന്നെ കാണും. നിറയെ സ്നേഹം മാത്രം. നിങ്ങൾ വിരമിച്ചതായി ഞങ്ങൾ കണക്കാക്കുന്നില്ല...

Last Updated : Aug 16, 2020, 10:48 PM IST

ABOUT THE AUTHOR

...view details