മുംബൈ:വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടമില്ല. പരിക്കേറ്റ ശിഖർ ധവാന് പകരം ടെസ്‌റ്റ് ഓപ്പണർ മായങ്ക് അഗർവാളിനാണ് അവസരം നല്‍കിയത്. മുംബൈയില്‍ നടന്ന ബിസിസഐ സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. നേരത്തെ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് ധവാന് പകരം മലയാളി താരം സഞ്ജു സാംസണെ ടീമിലെടുക്കുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു. എന്നാല്‍ അവയെല്ലാം അസ്ഥാനത്താക്കി മലയാളി ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കുന്ന തീരുമാനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
അതേസമയം മുംബൈയില്‍ ഇന്ന് നടക്കുന്ന അവസാന ടി -20യില്‍ സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നേരത്തെ ബംഗ്ലാദേശിനെതിരായ ട്വന്‍റി-20 പരമ്പരയില്‍ സഞ്ജുവിനെ ഉൾപ്പെടുത്തിയെങ്കിലും പാഡണിയാൻ അവസരം ലഭിച്ചിരുന്നില്ല. തിരുവനന്തപുരത്ത് നടന്ന ട്വന്‍റി-20 മത്സരത്തില്‍ സഞ്ജുവിനെ ഉൾപ്പെടുത്താത്തതില്‍ മലയാളി ക്രിക്കറ്റ് പ്രേമികൾ നിരാശരായിരുന്നു. ആരാധകരുടെ പ്രതിഷേധത്തെ തുടർന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഗ്രീൻഫീല്‍ഡിലെ ഗാലറിയിലേക്ക് വിരല്‍ ചൂണ്ടേണ്ടിവന്നിരുന്നു.
അതേസമയം ഇന്ന് മുംബൈയില്‍ നടക്കുന്ന പരമ്പരയിലെ അവസാന ട്വന്‍റി-20 മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനാകൂ.
നേരത്തെ ധവാന് സയ്യിദ് മുഷ്‌താഖ് അലി ടോഫിക്ക് വേണ്ടിയുള്ള മത്സരത്തിനിടെ കാലിന് സരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ വിന്‍ഡീസിനെതിരായ ട്വന്‍റി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. അതേസമയം ധവാന്‍ പരിക്കില്‍ നിന്നും ക്രമേണ മുക്തനായി വരുന്നതായി ബിസിസിഐയുടെ വാർത്താകുറിപ്പില്‍ വ്യക്തമാക്കി. ബിസിസിഐ മെഡിക്കല്‍ ടീമാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കുറച്ചുകൂടി സമയം വേണമെന്നും അധികൃതർ പറഞ്ഞു. വീന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം അടുത്ത 15-ാം തീയ്യതി ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ ആരംഭിക്കും.
വിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോലി(നായകന്‍), രോഹിത് ശർമ്മ, മായങ്ക് അഗർവാൾ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ) ശിവം ദുബെ, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ദീപക്ക് ചാഹർ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ.