ഇൻഡോർ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ മായങ്ക് അഗർവാൾ തകർത്തത് സാക്ഷാല്‍ സർ ഡോൺ ബ്രാഡ്‌മാന്‍റെ റെക്കോഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം രണ്ട് ഇരട്ട സെഞ്ച്വറി നേടുന്ന ബാറ്റ്‌സ്‌മാൻ എന്ന നേട്ടം സ്വന്തമാക്കിയാണ് ബ്രാഡ്‌മാനെ അഗർവാൾ പിന്നിലാക്കിയത്. 12 ഇന്നിങ്സുകളില്‍ നിന്നാണ് മായങ്ക് അഗർവാൾ തന്‍റെ രണ്ടാം ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയത്. ബ്രാഡ്‌മാൻ 13 ഇന്നിങ്സുകളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. 330 പന്തുകൾ നേരിട്ട മായങ്ക് 28 ഫോറും എട്ട് സിക്‌സും നേടി. അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് രണ്ട് ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ മുൻ താരം വിനോദ് കാംബ്ലിയാണ് അഗർവാളിന് മുന്നിലുള്ളത്.
സർ ഡോൺ ബ്രാഡ്‌മാനെ പിന്നിലാക്കി മായങ്ക് മാജിക്ക് - ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ്
ടെസ്റ്റില്‍ 12 ഇന്നിങ്സുകളില്‍ നിന്ന് രണ്ട് ഇരട്ട സെഞ്ച്വറി നേടി മായങ്ക് അഗർവാൾ. പിന്നിലാക്കിയത് ക്രിക്കറ്റ് ഇതിഹാസം സർ ഡൊണാൾഡ് ബ്രാഡ്‌മാനെ.
മായങ്ക് ഇരട്ട സെഞ്ച്വറി കുറിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു അപൂർവ നേട്ടവും സ്വന്തമാക്കി. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് തുടർച്ചയായി നാല് മത്സരങ്ങളില്‍ ഒരു ടീമിലെ ബാറ്റ്‌സ്‌മാന്മാർ ഇരട്ട സെഞ്ച്വറി നേടുന്നത്. ഇതിന് മുമ്പ് ദക്ഷിണാഫ്രിക്കക്കെതിരായ വിശാഖപട്ടണം ടെസ്റ്റില്‍ മായങ്കും പൂനെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ നായകൻ വിരാട് കോഹ്‌ലിയും റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ രോഹിത് ശർമയും ഇരട്ട സെഞ്ച്വറി നേടിയിരുന്നു. ഒരു വർഷത്തില്‍ ഇന്ത്യൻ ബാറ്റ്സ്‌മാന്മാർ നാല് ഇരട്ട സെഞ്ച്വറി നേടുന്നത് ഇത് നാലാം തവണയാണ്. 2004, 2016, 2017 വർഷങ്ങളില്‍ ഇന്ത്യൻ ബാറ്റ്സ്‌മാന്മാർ നാല് ഇരട്ട സെഞ്ച്വറികൾ നേടിയിരുന്നു.