സിഡ്‌നി:ഐപിഎല്ലില്‍ മങ്ങിയ പ്രകടനം പുറത്തെടുത്ത താരങ്ങള്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്നതാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര സിഡ്‌നിയില്‍ ആരംഭിച്ചതോടെയാണ് ആരാധകര്‍ ട്രോളുമായി രംഗത്ത് വന്നത്.
പിന്നാലെ ഇതിന് മറുപടിയുമായി ഓസിസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലും രംഗത്ത് വന്നു. ഐപിഎല്ലില്‍ ഫോമിലേക്ക് ഉയരാതിരുന്ന മാക്‌സ്‌വെല്‍ സിഡ്‌നി ഏകദിനത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി ഞെട്ടിച്ചിരുന്നു. 19 പന്തില്‍ 49 റണ്‍സാണ് ഐപിഎല്ലില്‍ പഞ്ചാബിന്‍റെ താരമായ മാക്‌സ്‌വെല്‍ അന്താരാഷ്‌ട്ര മത്സരത്തില്‍ അടിച്ചു കൂട്ടിയത്.
ഇതിന് പിന്നാലെയാണ് സാമൂഹ്യമാധ്യമത്തില്‍ ട്രോളുകള്‍ പ്രത്യക്ഷപെട്ടത്. പഞ്ചാബിന്‍റെ നായകന്‍ കെഎല്‍ രാഹുലിന്‍റെ ചിത്രം ഉള്‍പ്പെടെയാണ് ട്വീറ്റ്. ട്വീറ്റി പഞ്ചാബിന്‍റെ മറ്റൊരു താരം ജയംസ് നീഷാം റീട്വീറ്റ് ചെയ്‌തതിന് മറുപടിയായാണ് മാക്‌സ്‌വെല്ലിന്‍റെ മറുപടി. സാമൂഹ്യമാധ്യമത്തില്‍ ക്ഷമ ചോദിച്ച മാക്‌സ്‌വെല്‍ കളിക്കളത്തില്‍ രാഹുലിനോട് നേരിട്ട് ക്ഷമ ചോദിച്ചെന്നും വ്യക്തമാക്കി.
ഐപിഎല്ലില്‍ 11 മത്സരങ്ങള്‍ കളിച്ച മാക്‌സ്‌വെല്‍ 108 റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്. പഞ്ചാബിന്‍റെ ആരാധകര്‍ പ്രതീക്ഷിച്ച പ്രകടനം യുഎഇയില്‍ നടന്ന ഐപിഎല്‍ 13ാം പതിപ്പില്‍ പുറത്തെടുക്കാന്‍ മാക്‌സ്‌വെല്ലിനും കിവീസ് താരം നീഷാമിനും സാധിച്ചിരുന്നില്ല.
ഇന്ത്യക്ക് എതിരായ സിഡ്‌നി ഏകദിനത്തില്‍ 66 റണ്‍സിന്‍റെ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. പരമ്പരയുടെ ഭാഗമായുള്ള അടുത്ത മത്സരം ഞായറാഴ്‌ച സിഡ്‌നിയില്‍ തന്നെ നടക്കും. ഞായറാഴ്‌ച ജയിച്ചാല്‍ ആരോണ്‍ ഫിഞ്ചിനും കൂട്ടര്‍ക്കും പരമ്പര സ്വന്തമാക്കാം.