ലണ്ടൻ: ക്രിക്കറ്റ് ലോകകപ്പിനോട് അനുബന്ധിച്ച് നടന്ന ഉദ്ഘാടന ചടങ്ങിനിടെ ഇന്ത്യയെ ട്രോളി നോബെല്‍ പുരസ്കാര ജേതാവും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകയുമായ മലാല യൂസഫ്സായ്. ലോകകപ്പില്‍ പങ്കെടുക്കുന്ന പത്ത് രാജ്യങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി ഗല്ലി ക്രിക്കറ്റ് ചലഞ്ച് ചടങ്ങില്‍ സംഘടിപ്പിച്ചിരുന്നു. മത്സരത്തിന് ശേഷം ബക്കിംഗ്ഹാം കൊട്ടാരത്തിന് മുമ്പില്‍ നടന്ന ചടങ്ങിലാണ് ഇന്ത്യക്കെതിരെ മലാലയുടെ ട്രോൾ.
ലോകകപ്പ് ഉദ്ഘാടന ചടങ്ങിനിടെ ഇന്ത്യയെ ട്രോളി മലാല - ലോകകപ്പ്
ഇന്ത്യയോടുള്ള വെറുപ്പിന്‍റെ പ്രകടനമായിരുന്നു ഇത് എന്ന് ഇന്ത്യൻ ആരാധകർ പ്രതികരിച്ചു
ഇന്ത്യൻ മുൻ നായകനും പരിശീലകനുമായ അനില്‍ കുംബ്ലെയും നടനും സംവിധായകനുമായ ഫർഹാൻ അക്തറുമാണ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. മലാലയോടൊപ്പം മുൻ താരമായ അസ്ഹർ അലിയാണ് പാകിസ്ഥാന് വേണ്ടി കളിച്ചത്. 19 റൺസ് മാത്രം നേടിയ ഇന്ത്യൻ ടീം, മത്സരത്തില്‍ ഏറ്റവും അവസാന സ്ഥാനത്തായി. ആതിഥേയരായ ഇംഗ്ലണ്ട് 74 റൺസ് നേടി ഒന്നാം സ്ഥാനത്തെത്തി. കെവിൻ പീറ്റേഴ്സണും ക്രിസ് ഹ്യൂസുമാണ് ഇംഗ്ലണ്ടിന് മികച്ച സ്കോർ നേടി കൊടുത്തത്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയ 69 റൺസ് നേടി. ഇന്ത്യയുടെ ഇരട്ടിസ്കോറായ 38 റൺസാണ് പാകിസ്ഥാൻ സ്വന്തമാക്കിയത്. ഇതിനെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് മലാല തമാശരൂപേണ മറുപടി നല്‍കിയത്.
പാകിസ്ഥാൻ അത്രയ്ക്ക് മോശമല്ലാതെ കളിച്ചു. ഞങ്ങൾ ഏഴാം സ്ഥാനത്തെത്തി. എങ്കിലും ഞങ്ങൾ ഇന്ത്യയെ പോലെ അവസാന സ്ഥാനക്കാരായില്ല എന്നായിരുന്നു മലാലയുടെ മറുപടി. യഥാർഥ ആവേശം ഉൾക്കൊണ്ട് കളിക്കുകയാണെങ്കില്‍ കളി ആളുകളെ ഒന്നിപ്പിക്കുമെന്നും മലാല കൂട്ടിച്ചേർത്തു. എന്നാല്‍ മലാലയുടെ പറഞ്ഞത് അത്ര ആവേശത്തോടെയല്ല ഇന്ത്യൻ ആരാധകർ ഏറ്റെടുത്തത്. ഇന്ത്യയോടുള്ള വെറുപ്പിന്‍റെ പ്രകടനമായിരുന്നു ഇത് എന്നായിരുന്നു ചില ഇന്ത്യൻ ആരാധകരുടെ പ്രതികരണം.