സതാംപ്റ്റണ്‍:കൊവിഡിനിടെ ആരംഭിച്ച ആദ്യ ക്രിക്കറ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇന്‍ഡീസിന് ജയം. സതാംപ്റ്റണ്‍ ടെസ്റ്റില്‍ 200 റണ്‍സിന്‍റെ വിജയ ലക്ഷ്യം മുന്നില്‍കണ്ട് രണ്ടാം ഇന്നിങ്സില്‍ മറുപടി ബാറ്റിങ് ആരംഭിച്ച കരീബിയന്‍സ് നാല് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. വിന്‍ഡീസ് മുന്നേറ്റ നിര ഇംഗ്ലീഷ് പേസ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ മധ്യനിര പിടിച്ചുനിന്നു. അര്‍ധസെഞ്ച്വറിയോടെ 95 റണ്‍സെടുത്ത മധ്യനിര ബാറ്റ്സ്മാന്‍ ജെമെയിന്‍ ബ്ലാക്ക്‌വുഡാണ് രണ്ടാം ഇന്നിങ്സില്‍ കരീബിയന്‍ ജയത്തിന്‍റെ അമരക്കാരന്‍. 154 പന്തില്‍ 12 ബൗണ്ടറി ഉള്‍പ്പെടെ ബ്ലാക്ക്‌വുഡ് 95 റണ്‍സെടുത്തു.
ബ്ലാക്ക്‌വുഡിനെ കൂടാതെ നാല് ബാറ്റ്സ്മാന്‍മാരാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നത്. അഞ്ചാമനായി ഇറങ്ങി 37 റണ്‍സെടുത്ത റോസ്റ്റണ്‍ ചാസും 20 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഡൗറിച്ചും 14 റണ്‍സെടുത്ത നായകന്‍ ജേസണ്‍ ഹോള്‍ഡറുമാണ് രണ്ടക്കം കടന്ന കരീബിയന്‍ ബാറ്റ്സ്‌മാന്‍മാര്‍.
ബ്ലാക്ക്‌വുഡും റോസ്റ്റണ്‍ ചാസും ചേര്‍ന്ന് 73 റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബട്ട്ലര്‍ക്ക് ക്യാച്ച് വഴങ്ങി റോസ്റ്റണ്‍ ചാസ് പുറത്തായി. പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഡൗറിച്ചുമായി ചേര്‍ന്ന് 68 റണ്‍സിന്‍റെ ആറാം വിക്കറ്റ് കൂട്ടുകെട്ടും ബ്ലാക്ക്‌വുഡുണ്ടാക്കി.
നേരത്തെ ബാറ്റിങ്ങ് ഓര്‍ഡറില്‍ ഓപ്പണര്‍മാര്‍ ഉള്‍പ്പെടെ നാല് താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായതോടെ ഇംഗ്ലണ്ട് കളിയിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ മധ്യനിര കരുതി കളിച്ച് മത്സരം വരുതിയിലാക്കുകയായിരുന്നു. നാല് റണ്‍സെടുത്ത ഓപ്പണര്‍ ബ്രാത്ത്‌വെയിറ്റിന്‍റെ വിക്കറ്റ് ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് ആര്‍ച്ചര്‍ എടുത്തു. ബ്രൂക്സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി റണ്ണൊന്നും എടുക്കാതെ പുറത്താക്കിയതും 37 റണ്‍സെടുത്ത റോസ്റ്റണ്‍ ചാസിനെ പുറത്താക്കിയതും ആര്‍ച്ചറായിരുന്നു. മറ്റൊരു ഓപ്പണര്‍ കാംപെല്‍ ആര്‍ച്ചറുടെ പന്തില്‍ പരിക്കേറ്റ് പുറത്ത് പോയി. ഇംഗ്ലണ്ടിനായി നായകന്‍ ബെന്‍ സ്റ്റോക്സ് രണ്ട് വിക്കറ്റും മാര്‍ക്ക് വുഡ് ഒരു വിക്കറ്റും വീഴ്‌ത്തി.
നേരത്തെ രണ്ടാം ഇന്നിങ്സില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 313 റണ്‍സെടുത്ത് പുറത്തായി. അര്‍ധസെഞ്ച്വറിയോടെ 76 റണ്‍സെടുത്ത സാക്ക് ക്രൗളിയാണ് ഇംഗ്ലീഷ് നിരയിലെ ടോപ്പ് സ്കോറര്‍. വിന്‍ഡീസിന് വേണ്ടി ഗബ്രിയേല്‍ 75 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റോസ്റ്റണ്‍ ചാസും അല്‍സാരി ജോസഫും രണ്ട് വിക്കറ്റ് വീതവും നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ഒരു വിക്കറ്റും വീഴ്‌ത്തി.