ന്യൂഡല്‍ഹി:ഐപിഎല്‍ 13-ാം സീസണ്‍ 2020-ല്‍ തന്നെ നടക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിവിഎസ് ലക്ഷ്‌മണും അനില്‍ കുംബ്ലെയും. മൂന്നോ നാലോ സ്റ്റേഡിയങ്ങൾ ലഭിക്കുന്ന വിധത്തില്‍ ഒരു വേദി രാജ്യത്ത് ലഭിക്കുകയാണെങ്കില്‍ കൊവിഡ് 19 ഭീതിയില്ലാതെ ഐപിഎല്‍ നടത്താന്‍ സാധിക്കുമെന്ന് ലക്ഷ്മണ്‍ പറഞ്ഞു. അതേസമയം ഷെഡ്യൂളില്‍ മാറ്റം വരുത്തിയാല്‍ ഐപിഎല്‍ നടത്താന്‍ സാധിക്കുമെന്ന് അനില്‍ കുംബ്ലെയും വ്യക്തമാക്കി. കാണികളില്ലാതെ മത്സരം നടത്തുകയാണെങ്കില്‍ നാല് വേദികൾ മാത്രം മതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐപിഎല്‍ ഈ വർഷം തന്നെയെന്ന് ലക്ഷ്മണും കുംബ്ലെയും - കുംബ്ലെ വാർത്ത
മാർച്ച് 29-ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ മത്സരങ്ങളാണ് നിലവില്‍ അനിശ്ചിതമായി മാറ്റിവെച്ചിരിക്കുന്നത്
നേരത്തെ ഓസ്‌ട്രേലിയന്‍ പേസർ പാറ്റ് കമ്മിന്‍സും സമാന പ്രതീക്ഷ പങ്കുവെച്ചിരുന്നു. നിലവില്‍ കൊല്‍ത്തത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ താരമാണ് പാറ്റ് കമ്മിന്‍സ്. കഴിഞ്ഞ തവണത്തെ ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക സ്വന്തമാക്കിയത് കമ്മിന്‍സാണ്.
അതേസമയം കൊവിഡ് 19 കാരണം ഐസിസി ഈ വർഷത്തെ ടി20 ലോകകപ്പ് മാറ്റിവെക്കാനാണ് സാധ്യത. അത്തരം ഒരു നീക്കം ഉണ്ടായാല്‍ ലോകകപ്പ് നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഒക്‌ടോബർ, നവംബർ മാസങ്ങളിലായി ഐപിഎല്‍ നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഓക്‌ടോബർ 18 മുതല്‍ നവംബർ 15 വരെ ഓസ്‌ട്രേലിയയില്‍ വെച്ച് ടി20 ലോകകപ്പ് നടത്താനാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് 19 കാരണം ലോകകപ്പ് നടക്കുന്ന കാര്യത്തില്‍ ഇതേവരെ തീരുമാനം ആയിട്ടില്ല.