ഓക്‌ലാന്‍ഡ്:ലോറസ് സ്‌പോർട്ടിങ് മൊമന്‍റ് 2000-2020 ചുരുക്കപട്ടികയില്‍ ഇടം നേടിയ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കർക്ക് വോട്ട് ചെയ്യണമെന്ന് ആരാധകരോട് അഭ്യർത്ഥിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. കായിക രംഗത്തെ മനോഹര മുഹൂർത്തങ്ങൾക്കാണ് പുരസ്‌ക്കാരം നല്‍കുക. 2011-ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കർ ഏകദിന ലോകകപ്പ് സ്വന്തമാക്കിയ മുഹൂർത്തത്തെയാണ് പുരസ്‌ക്കാരത്തിനായുള്ള ചുരുക്ക പട്ടികയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. തന്‍റെ കരിയറിലെ ആറാമത്തെ ലോകകപ്പ് മത്സരത്തിലാണ് സച്ചിന്‍ കിരീടം നേടിയത്. ലോകമെമ്പാടുമുള്ള ആരാധകർക്കിടയിലെ വോട്ടെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുക്കുക. ഈ പശ്ചാത്തലത്തിലാണ് സച്ചിന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് വിരാട് കോലി രംഗത്ത് വന്നിരിക്കുന്നത്. ഒരു സുഹൃത്ത്, സഹതാരം, മെന്‍ഡർ, മാതൃകാ താരം എന്നീ നിലകളില്‍ സച്ചിന് വേണ്ടി നമുക്ക് ഒരുമിക്കാമെന്ന് കോലി ട്വീറ്റില്‍ പറയുന്നു. ലോറസ് സ്‌പോർട്ടിങ് മൊമന്‍റിനായുള്ള വോട്ടിങ്ങിനുള്ള ലിങ്ക് അടക്കമാണ് താരത്തിന്‍റെ ട്വീറ്റ്.
ലോറസ് സ്‌പോർട്ടിങ് മൊമന്‍റ്; സച്ചിന് പിന്തുണയുമായി കോലി - കോലി വാർത്ത
ഒരു പതിറ്റാണ്ടിലെ സുന്ദരമായ കായിക മുഹൂർത്തങ്ങൾക്കാണ് ലോറസ് സ്‌പോർട്ടിങ് മൊമന്‍റ് പുരസ്‌കാരം നല്‍കുക
മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള ടീമാണ് 2011-ല്‍ മുംബൈയില്‍ നടന്ന ലോകകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ജയിച്ച് കിരീടം സ്വന്തമാക്കിയത്. മത്സരത്തിന് ശേഷം വിരാട് കോലി ഉൾപ്പെടെയുള്ള താരങ്ങൾ സച്ചിനെ തോളിലേറ്റി സ്‌റ്റേഡിയം വലംവച്ചിരുന്നു. ഫെബ്രുവരി 17-ന് ബെർലിനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കും. നിലവില്‍ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ന്യൂസിലന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായുള്ള ഏകദിന പരമ്പരയാണ് കളിക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്പര നേരത്തെ ആതിഥേയർ 2-0ത്തിന് സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ അടുത്ത മത്സരം ഫെബ്രുവരി 11-ന് നടക്കും. നേരത്തെ കിവീസിന് എതിരെ നടന്ന ടി20 പരമ്പര ഇന്ത്യ 5-0ത്തിന് ഏകപക്ഷീയമായി സ്വന്തമാക്കിയിരുന്നു. ഏകദിന പരമ്പരക്ക് ശേഷം ഫെബ്രുവരി 21 മുതല്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരക്ക് തുടക്കമാകും.