വിശാഖപട്ടണം: കോലിയും കൂട്ടരും ഉയർത്തിയ 388 റണ്‍സെന്ന കൂറ്റന്‍ ലക്ഷം മറികടക്കാന്‍ എത്തിയ വെസ്‌റ്റ് ഇന്‍ഡീസ് ഇന്ത്യന്‍ ബോളർമാർക്ക് മുന്നില്‍ മുട്ടുകുത്തി. സ്പിന്നർ കുല്‍ദീപ് യാദവിന്‍റെ ഹാട്രിക്കിന്‍റെ പിന്‍ബലത്തില്‍ 45 പന്ത് ശേഷിക്കെ 280 റണ്‍സെടുത്ത കരീബിയന്‍സിനെ ഇന്ത്യ കൂടാരം കയറ്റി. 33-ാം ഓവറിലെ മൂന്നാമത്തെ പന്തില്‍ 78 റണ്‍സെടുത്ത ഓപ്പണർ ഷായ് ഹോപ്പിനെ ഔട്ടാക്കിയാണ് കുല്‍ദീപ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പന്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ കൈകളില്‍ എത്തിച്ചാണ് ഹോപ്പ് ഔട്ടായത്. നാലാമത്തെ പന്തില്‍ 11റണ്‍സെടുത്ത ജെയ്‌സന്‍ ഹോള്‍ഡറും അടുത്ത പന്തില്‍ റണ്ണൊന്നും എടുക്കാതെ അല്‍സാരി ജോസഫും പുറത്തായി. ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ രണ്ട് ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി കുല്‍ദീപ്.
വിന്‍ഡീസിനെ എറിഞ്ഞു വീഴ്ത്തി കുല്‍ദീപും ഷമിയും - ഇന്ത്യ ജയിച്ചു വാർത്ത
വിശാഖപട്ടണത്തില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വെസ്‌റ്റ് ഇന്‍ഡീസിനെ 43.3 ഓവറില്‍ കോലിയും കൂട്ടരും കൂടാരം കയറ്റി
കുല്‍ദീപിനെ കൂടാതെ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 75 റണ്‍സെടുത്ത നിക്കോളാസ് പൂരാന്‍ ഷമിയുടെ പന്തില്‍ കുല്‍ദീപിന് ക്യാച്ച് വഴങ്ങി പുറത്തായി. അടുത്ത പന്തില്‍ വിന്‍ഡീസ് നായകനെ ഗോൾഡന്‍ ഡക്കാക്കി ഷമി പുറത്താക്കി. 43-ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ 46 റണ്‍സെടുത്ത കീമോ പോളിനെ ഷമി പുറത്താക്കിയതോടെ വിന്‍ഡീസിന്‍റെ ഇന്നിങ്സ് അവസാനിച്ചു.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും ഷാർദുല്‍ താക്കൂർ ഒരു വിക്കറ്റും സ്വന്തമാക്കി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കോലിയും കൂട്ടരും 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 387 റണ്‍സെടുത്തു. 159 റണ്‍സെടുത്ത രോഹിത് ശർമ്മയും 102 റണ്‍സെടുത്ത കെഎല്‍ രാഹുലിന്‍റെയും നേതൃത്വത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോർ സ്വന്തമാക്കിയത്. ഇന്ത്യക്കായി മധ്യനിരയില്‍ ശ്രേയസ് അയ്യർ 53 റണ്‍സെടുത്തു. വിശാഖപട്ടണത്തില്‍ ജയിച്ചതോടെ ഇന്ത്യയുടെ സാധ്യത സജീവമായി. കട്ടക്കില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. നേരത്തെ ചെന്നൈ ഏകദിനത്തില്‍ വിന്‍ഡീസ് വിജയിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 288 റണ്‍സെന്ന വിജയ ലക്ഷം 13 പന്ത് ശേഷിക്കെയാണ് സന്ദർശകർ സ്വന്തമാക്കി.