പരമ്പര തൂത്തുവാരാന്‍ കോലിപട; ആശ്വാസ ജയം തേടി ദക്ഷിണാഫ്രിക്ക - indian test mach updates
ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് പരമ്പരക്ക് ഇന്ന് റാഞ്ചിയില്‍ തുടക്കം. ടെസ്റ്റിലെ ലോക ഒന്നാം നമ്പർ സ്ഥാനം തിരിച്ചുപിടിക്കാന്‍ നായകന്‍ വിരാട് കോലി
റാഞ്ചി:ഹോം സീസണിലെ ആദ്യ ടെസ്റ്റ് പരമ്പരയില്‍ സമ്പൂർണ വിജയം തേടി വിരാട് കോലിയും സംഘവും റാഞ്ചിയില്‍ ഇന്നിറങ്ങും. രാവിലെ 9.30മുതലാണ് മത്സരം. ദക്ഷിണാഫ്രിക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യ ജയിച്ചിരുന്നു. ഇന്ത്യന്‍ താരങ്ങളെല്ലാം മികച്ച ഫോമിലാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും കോലിയും കൂട്ടരും മികച്ച പ്രകടനമാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പുറത്തെടുത്തത്. വമ്പന്‍ വിജയങ്ങളുടെ ആത്മവിശ്വാസവുമായാണ് ഇന്ത്യ റാഞ്ചിയില്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ല. വിശാഖപട്ടണത്തില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 203 റണ്ണിനായിരുന്നു ഇന്ത്യന്‍ ജയം. പൂനെയില്‍ ഇന്നിങ്സിനും 137 റണ്‍സിനും സന്ദർശകരെ ഇന്ത്യ തുരത്തി.
മറക്കാന്‍ ആഗ്രഹിക്കുന്ന പരമ്പരയില്‍ ആശ്വാസ ജയം തേടിയാണ് ദക്ഷിണാഫ്രിക്കന്‍ സംഘം ഇന്നിറങ്ങുന്നത്. കോലിപടയ്ക്ക് നേരെ ഒരുതരത്തിലും അവർക്ക് വില്ലുവിളി ഉയർത്താന്‍ സാധിച്ചിട്ടില്ല. ബോളർമാർ സമ്പൂർണമായി പരാജയപെട്ടപോൾ ബാറ്റ്സ്മാന്‍മാർക്ക് സ്ഥിരതകാട്ടാനുമായിട്ടില്ല. പ്രശ്നങ്ങളുടെ നടുവിലുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർ എയ്ഡന്‍ മർക്രമിന്‍റെ അഭാവം പ്രതിസന്ധി സൃഷ്ട്ടിക്കുമെന്ന് നായകന്‍ ഫാഫ് ഡു പേസ് പറഞ്ഞു. പരിശീലനത്തിനിടെ മർക്രമിന് കൈക്കുഴയ്ക്ക് പരിക്കേറ്റിരുന്നു. മർക്രമിനെ കൂടാതെ മികച്ച പ്രകടനം പുറത്തെടുത്ത കേശവ് മഹാരാജിനും പരിക്കേറ്റിരുന്നു. പൂനെ ടെസ്റ്റിനിടെ പുറത്തായ ദേഷ്യത്തില്‍ ഡ്രസിങ് റൂമിന്‍റെ ഭിത്തിയില്‍ കൈ ചുരുട്ടി ഇടിച്ചതാണ് കേശവിന് വിനയായത്. കൈക്കുഴക്ക് പൊട്ടലേറ്റ കേശവ് നാട്ടിലേക്ക് തിരിച്ചു.
നായകന്‍ കോലിയുടെ കൈവിട്ടുപോയ ടെസ്റ്റിലെ ലോക ഒന്നാം നമ്പർ സ്ഥാനം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവും ഈ മത്സരത്തിനുണ്ട്. 937 പോയന്‍റുമായി ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് റാങ്കിങില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള കോലിക്ക് ഒരു പോയന്‍റിന്‍റെ കുറവാണ് ഉള്ളത്. റാഞ്ചിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ ഇന്ത്യന്‍ ക്യാപ്റ്റന് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാകും. അടുത്ത മാസം 21-നാണ് ഇനി ഓസ്ട്രേലിയക്ക് ടെസ്റ്റ് മത്സരങ്ങളുള്ളത്. പാക്കിസ്ഥാനെതിരായാണ് മത്സരം.