സിഡ്‌നി: ഇന്ത്യയ്‌ക്കെതിരെ വരാനിരിക്കുന്ന പരമ്പരയിൽ വിരാട് കോലിയുടെ വിക്കറ്റ് നിര്‍ണായകമാകുമെന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിൻസ്. സ്ലെഡ്‌ജ് ചെയ്‌ത് ടീം ഇന്ത്യയുടെ നായകനെ പ്രകോപിപ്പിക്കാതിരിക്കുന്നത് ഓസിസ് ടീമിന് നിർണായകമാകുമെന്ന് കമ്മിന്‍സ് പറഞ്ഞു. ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍, ടെസ്റ്റ് മത്സരങ്ങളില്‍ നായകനായി തെരഞ്ഞെടുത്തിരിക്കുന്നത് കമ്മിന്‍സിനെയാണ്.
നായകന്‍മാരുടെ വിക്കറ്റ് സ്വന്തമാക്കുന്നത് നിര്‍ണായകമാകുമെന്നും കമ്മിന്‍സ് പറഞ്ഞു. ഇരു ടീമുകളിലും ഒന്നോ രണ്ടോ ബാറ്റ്സ്‌മാന്‍മാര്‍ നിര്‍ണായകമാകും. ഇംഗ്ലണ്ടിന് ജോ റൂട്ടിനെ പോലെ ന്യൂസിലന്‍ഡിന് കെയിന്‍ വില്യംസണിനെ പോലെ പൊതുവെ അത് നായകന്‍മാരാണ്. അവരുടെ വിക്കറ്റ് വീഴ്‌ത്തുന്നത് ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമാകും. ലോക ക്രിക്കറ്റില്‍ അസമാന്യ പ്രതിഭയുള്ള നായകനാണ് വിരാട് കോലി. കമന്‍റേറ്റേഴ്‌സ് കോലിയെ കുറിച്ച് വാ തോരാതെ സംസാരിക്കാറുണ്ടെന്നും കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.