മുംബൈ:ഓസ്‌ട്രേലിയയില്‍ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം കളിക്കാന്‍ തെയ്യാറാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മുംബൈയില്‍ ജനുവരി 14-ന് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നതിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ 2018-19 ല്‍ കോലിയും കൂട്ടരും നടത്തിയ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ടീം ഇന്ത്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം കളിക്കാന്‍ വിസമ്മതിച്ചിരുന്നു.
ഓസ്‌ട്രേലിയയില്‍ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാന്‍ തയ്യാറെന്ന് കോലി - വിരാട് കോലി വാർത്ത
കഴിഞ്ഞ വർഷം നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീം ഇന്ത്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം കളിക്കാന്‍ വിസമ്മതിച്ചിരുന്നു
സ്വന്തം മണ്ണില്‍ ഡേ-നൈറ്റ് മത്സരം കളിക്കാന്‍ ടീം ഇന്ത്യക്ക് സാധിച്ചു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഏറെ ആകാംക്ഷയുളവാക്കിയ മത്സരമായിരുന്നു അത്. ലോകത്ത് ഏത് ടീമിനോടും എത് ഫോർമാറ്റിലും മാറ്റുരക്കാന്‍ ഇന്ന് നമുക്ക് സാധിക്കും. നിലവിലെ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയിലെ പെർത്തില്‍ ഉൾപ്പെടെ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം കളിക്കാന്‍ ടീം ഇന്ത്യ തയ്യാറാണ്. കഴിഞ്ഞ വർഷം നടത്തിയ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ചരിത്രത്തില്‍ ആദ്യമായി ടീം ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. അതേസമയം ഇനിയൊരു ഡൈ-നൈറ്റ് ടെസ്റ്റ് മത്സരം നടക്കുകയാണെങ്കില്‍ കരുത്തരായ ഓസിസ് ടീമിനെയാകും ടീം ഇന്ത്യക്ക് നേരിടേണ്ടിവരിക. ഡേവിഡ് വാർണറും സ്‌റ്റീവ് സ്‌മിത്തും മാർനസ് ലബുഷെയിനും ഉൾപ്പെടെ കരുത്തർ ചേർന്നതാണ് ഇന്ന് ഓസിസ് ടീം. ഇത് ഇന്ത്യന്‍ ബൗളർമാർക്ക് വെല്ലുവിളി ഉയർത്തുമെന്നും വിരാട് കോലി പറഞ്ഞു.