ഹാമില്‍ട്ടണ്‍:ഏകദിന റണ്‍വേട്ടയില്‍ നേട്ടവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. നായകനെന്ന നിലയില്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ വിരാട് കോലി മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിയെ മറികടന്നു. ന്യൂസിലന്‍ഡിനെതിരെ ഹാമില്‍ട്ടണില്‍ നടന്ന ഏകദിന മത്സരത്തിലാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. ഹാമില്‍ട്ടണില്‍ 63 പന്ത് നേരിട്ട താരം 51 റണ്‍സ് സ്വന്തമാക്കി. ഗാംഗുലിയുടെ 5,082 റണ്‍സെന്ന റെക്കോഡാണ് കോലി മറികടന്നത്. 148 മത്സരങ്ങളില്‍ നിന്നാണ് ദാദ നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്. നിലവില്‍ നായകനെന്ന നിലയില്‍ കോലി 5,123 റണ്‍സാണ് സ്വന്തം പേരില്‍ ചേർത്തത്. 31 വയസുള്ള കോലി 87 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 7,646 റണ്‍സാണ് കോലിയുടെ ബാറ്റിങ് ശരാശരി. നായകനെന്ന നിലയില്‍ 21 സെഞ്ച്വറിയും 23 അർദ്ധ സെഞ്ച്വറിയും കോലി സ്വന്തം പേരില്‍ കുറിച്ചു.
പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളുടെ കൂട്ടത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ് ഒന്നാമത്. 6,641 റണ്‍സാണ് നായകനെന്ന നിലയില്‍ ധോണി ഏകദിന മത്സരങ്ങളില്‍ നിന്നും സ്വന്തം പേരില്‍ കുറിച്ചത്. 200 മത്സരങ്ങളില്‍ നിന്നാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്. തൊട്ടുപിന്നില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീനുമുണ്ട്. 174 മത്സരങ്ങളില്‍ നിന്നും 5,239 റണ്‍സാണ് നായകനെന്ന നിലയില്‍ അസറുദ്ദീന്‍ സ്വന്തം പേരില്‍ കുറിച്ചത്.