കട്ടക്ക്:ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് സ്വന്തമാക്കുന്ന ഏഴാമത്തെ താരമാകാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. നിലവില്‍ റണ്‍വേട്ടയില്‍ ഏഴാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ജാക്ക് കാലിസിനെക്കാൾ 56 റണ്‍സ് മാത്രം അകലെയാണ് കോലി. 11,524 റണ്‍സാണ് ഏകദിനത്തില്‍ കോലിയുടെ സമ്പാദ്യം. 241 ഏകദിന മത്സരങ്ങളില്‍ നിന്നാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം 328 മത്സരങ്ങളില്‍ നിന്നും 11,579 റണ്‍സാണ് കാലിസിന്‍റെ അക്കൗണ്ടിലുള്ളത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കാലിസ് നിലവില്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് ഉപദേശകനായി സേവനം അനുഷ്‌ഠിക്കുകയാണ്.
452 മത്സരങ്ങളില്‍ നിന്നും 18,426 റണ്‍സെടുത്ത ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമത്. 14,234 റണ്‍സെടുത്ത ശ്രീലങ്കന്‍ താരം കുമാർ സങ്കക്കാരയാണ് രണ്ടാമത്. 404 മത്സരങ്ങളില്‍ നിന്നാണ് സങ്കക്കാര രണ്ടാം സ്ഥാനത്ത് എത്തിയത്. 13,704 റണ്‍സുമായി മുന്‍ ഓസിസ് താരം റിക്കി പോണ്ടിങ്ങാണ് മൂന്നാമത്. 375 പന്തില്‍ നിന്നാണ് പോണ്ടിങ്ങ് 13,704 റണ്‍സ് സ്വന്തമാക്കിയത്.