കൊല്‍ക്കത്ത: ഈഡനില്‍ പകല്‍ രാത്രി ടെസ്റ്റില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് 347 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിങ്സില്‍ ഇന്ത്യക്ക് 241 റണ്‍സിന്‍റെ ലീഡുണ്ട്.
സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോലിയുടെ പിന്‍ബലത്തിലാണ് ആദ്യ ഇന്നിങ്സില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ശക്തമായ സ്കോർ നേടിയത്. 194 പന്തില്‍ 136 റണ്‍സെടുത്ത കോലി ഇബാദത്ത് ഹുസൈന്‍റെ പന്തില്‍ തയ്‌ജുല്‍ ഇസ്ലാമിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഇന്ത്യക്ക് വേണ്ടി 105 പന്തില്‍ 55 റണ്‍സെടുത്ത ചേതേശ്വർ പുജാരയും 69 പന്തില്‍ 51 റണ്‍സെടുത്ത അജിങ്ക്യാ രഹാനയും മികച്ച സ്‌കോർ കണ്ടെത്തി. രണ്ടാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെന്ന നിലയിലാണ് ഇന്ത്യ കളി തുടങ്ങിയത്.
ബംഗ്ലാദേശിനായി അല്‍-ആമിന്‍ ഹുസൈന്‍, ഇബദട് ഹസന്‍ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അബു ജയിദ് രണ്ട് വിക്കറ്റും തയ്‌ജുല്‍ ഇസ്ലാം ഒരു വിക്കറ്റും എടുത്തു. 235 റണ്‍സെന്ന വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് കളിയുടെ തുടക്കത്തില്‍ തന്നെ പാളി. ഒപ്പണർ സദം ഇസ്ലാമിനെ ഇശാന്ത് ശർമ്മ ബൗൾഡാക്കിയപ്പോൾ മൂന്നാമതിറങ്ങിയ ക്യാപ്റ്റന്‍ മൊമിനുൾ ഹഖ് ഇശാന്ത് ശർമ്മയുടെ പന്തില്‍ വിക്കറ്റ് കീപ്പർ സാഹക്ക് ക്യച്ച് വഴങ്ങി പുറത്തായി. ഇരുവർക്കും റണ്ണൊന്നും എടുക്കാനായില്ല. അവസാനം വിവരം ലഭിക്കുമ്പോൾ മൂന്ന് റണ്‍സെടുത്ത ഒപ്പണർ ഇമ്രുൾ കയീസും നാല് റണ്‍സെടുത്ത മുഹമ്മദ് മിതുനുമാണ് ക്രീസില്‍.
ആദ്യ ഇന്നിങ്സില്‍ ഇന്ത്യന്‍ പേസർമാർ പുറത്തെടുത്ത പ്രകടനം രണ്ടാം ഇന്നിങ്സിലും തുടർന്നാല്‍ സന്ദർശകരെ ടെസ്റ്റിന്‍റെ രണ്ടാം ദിവസം തന്നെ കൂടാരം കയറ്റാമെന്ന ആത്മവിശ്വാസത്തിലാണ് കോലിയും കൂട്ടരും. നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ആദ്യ ഇന്നിങ്സില്‍ 106 റണ്‍സ് എടുക്കുന്നതിനിടെ കൂടാരം കയറിയിരുന്നു.