ന്യൂഡല്‍ഹി:ഇന്ത്യന്‍ ടീമിലെ പുതുമുഖങ്ങൾക്ക് ധോണി നല്‍കിയ പിന്തുണ നിലവിലെ നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശർമയും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി മുന്‍ താരം ഗൗതം ഗംഭീർ. ധോണിയുടെ ഈ ശ്രമത്തിന്‍റെ ഉത്തമ ഉദാഹരണം രോഹിത് ശർമയാണെന്നും ഗംഭീർ പറഞ്ഞു. ധോണി ഹിറ്റ്മാന്‍റെ കഴിവുകൾ കണ്ടെത്തി. അതില്‍ വിശ്വസിച്ചു. രോഹിത് ടീമില്‍ ഇല്ലെങ്കിലും അദ്ദേഹത്തെ പിന്തുണക്കാന്‍ ധോണി മറന്നില്ല. അതിനാല്‍ തന്നെ രോഹിത് ശർമക്ക് നിശ്ചിത ഓവർ ക്രിക്കറ്റില്‍ ലോകോത്തര നിരയിലേക്ക് ഉയരാന്‍ സാധിച്ചുവെന്നും ഗംഭീർ പറഞ്ഞു. മികച്ച പിന്തുണ ലഭിച്ചാല്‍ എങ്ങനെ ഒരു പ്രതിഭാ സമ്പന്നനായ ക്രിക്കറ്റ് താരമായി വളർന്നുവരാം എന്നതിന് ഉദാഹരണമാണ് രോഹിത്.
ധോണിയെ പോലെ കോലിയും ഹിറ്റ്മാനും പുതുമുഖങ്ങളെ വളർത്തണം: ഗൗതം ഗംഭീർ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകനായിരിക്കുമ്പോൾ മഹേന്ദ്ര സിങ് ധോണി പുതുമുഖങ്ങളിലെ കഴിവിനെ കണ്ടെത്തുകയും വളർത്തികൊണ്ട് വരുകയും ചെയ്‌തതായി മുന്‍ ഇന്ത്യന്‍ ഓപ്പണർ ഗൗതം ഗംഭീർ.
ഇന്നത്തെ തലമുറയിലെ പുതുമുഖങ്ങളായ ശുഭ്‌മാന്‍ ഗില്ലും സഞ്‌ജു സാംസണും അത്തരത്തിലുള്ള പരിഗണന അർഹിക്കുന്നുണ്ട്. ഇപ്പോൾ ടീമിലെ മുതിർന്ന അംഗം എന്ന നിലയില്‍ രോഹിത് പുതുമുഖങ്ങളെ പിന്തുണക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗംഭീർ വ്യക്തമാക്കി.
2007 അരങ്ങേറ്റം കുറിച്ചത് മുതല്‍ രോഹിത് ശർമ മധ്യനിര ബാറ്റ്സ്‌മാനായിരുന്നു. പിന്നീട് 2013 മുതല്‍ ധോണിയുടെ നേതൃത്വത്തില്‍ അദ്ദേഹം ഓപ്പണർ എന്ന നിലയിലേക്ക് ഉയർന്നു. പിന്നീട് ഹിറ്റ്മാന്‍ തന്‍റെ കരിയറില്‍ ഒരു തിരിഞ്ഞ് നോട്ടം വേണ്ടിവന്നിട്ടില്ല. നിലവില്‍ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപിയുടെ എംപി കൂടിയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീർ.