ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഡി.ആർ.എസിനെ(ഡിസിഷൻ റിവ്യൂ സിസ്റ്റം) വിമർശിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഓസീസിന്‍റെ വിജയശില്പിയായ ആഷ്ടൺ ടേണറിനെതിരെ ഇന്ത്യ നടത്തിയ വിക്കറ്റ് അപ്പീലില്‍ മൂന്നാം അമ്പയർ നോട്ടൗട്ട് വിളിച്ചതാണ് കോഹ്ലിയെ ചൊടുപ്പിച്ചത്.
തോല്‍വിക്ക് പിന്നാലെ ഡി.ആർ.എസിനെ വിമർശിച്ച് കോഹ്ലി - ഇന്ത്യ ഓസ്ട്രേലിയ ക്രിക്കറ്റ്
ഡി.ആർ.എസിന് സ്ഥിരതയില്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി.
മൊഹാലി ഏകദിനത്തില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. അനായാസം ജയിക്കുമെന്ന് ഇന്ത്യ കരുതിയ മത്സരം ആഷ്ടൺ ടേണർ ഓസ്ട്രേലിയക്ക് അനുകൂലമാക്കി. എന്നാല്‍ ടേണറെ പുറത്താക്കാനായി ഇന്ത്യ നടത്തിയ വിക്കറ്റ് അപ്പീല്‍ മൂന്നാം അമ്പയർ ഔട്ടല്ലെന്ന് വിധിക്കുകയായിരുന്നു. മത്സരത്തിന്‍റെ 41ാം ഓവറിലായിരുന്നു സംഭവം. ചാഹലെറിഞ്ഞ പന്ത് ടേണറുടെ ബാറ്റില്‍ തട്ടി റിഷഭ് പന്ത് ക്യാച്ചെടുത്തു. അമ്പയർ അത് ഔട്ട് നല്‍കിയില്ല. പന്ത് ബാറ്റില്‍ തട്ടിയെന്ന് റിഷഭ് പന്ത് സംശയമുന്നയിച്ചതോടെ ഇന്ത്യ ഡി.ആർ.എസിന്വിളിക്കുകയായിരുന്നു. പക്ഷെ മൂന്നാം അമ്പയറും നോട്ടൗട്ട് വിളിച്ചതോടെ ഇന്ത്യ നിരാശരായി.
മൂന്നാം അമ്പയർ ഔട്ട് നല്‍കാതിരുന്നത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും, അത് ഔട്ട് ലഭിക്കേണ്ടതായിരുന്നുവെന്നും കോഹ്ലി പറഞ്ഞു. ഡി.ആർ.എസ് തീരുമാനങ്ങൾ പല കളികളിലും പിഴയ്ക്കുന്നതായി കണ്ടിട്ടുണ്ടെന്നും, അതിന് സ്ഥിരത നിലനിർത്താനാവുന്നില്ലെന്നും കോഹ്ലി ആരോപിച്ചു. 43 പന്തില്‍ ആറ് സിക്സും അഞ്ച് ബൗണ്ടറികളുമടക്കം 84 റൺസ് നേടിയ ടേണറാണ് ഓസ്ട്രേലിയക്ക് വിജയം സമ്മാനിച്ചത്.