സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ആദ്യ തോല്‍വി. ടൂര്‍ണമെന്‍റിലെ മൂന്നാം മത്സരത്തില്‍ കരുത്തരായ ഡല്‍ഹി ഏഴ് വിക്കറ്റിനാണ് കേരളത്തെ കീഴടക്കിയത്.
കേരളത്തിന്‍റെ വിജയക്കുതിപ്പ് അവസാനിപ്പിച്ച് ഡല്‍ഹി
ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച കേരളത്തിനെ ഡല്‍ഹി തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിന്. 52 റൺസെടുത്ത നിതീഷ് റാണ ഡല്‍ഹിയുടെ വിജയശില്‍പി.
ആന്ധ്രയിലെ ഡി.വി.ആർ.പി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റൺസെടുത്തു. 37 റണ്‍സ് എടുത്ത സച്ചിന്‍ ബേബിയും 38 റണ്‍സ് എടുത്ത വിനൂപ് മനോഹരനും മാത്രമാണ് കേരളത്തിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റൺസ് എന്ന നിലയില്‍ നിന്നാണ് ഇരുവരും ചേർന്ന് കേരളത്തിന്‍റെ ഇന്നിംഗ്സ് പടുത്തുയർത്തിയത്.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഡല്‍ഹി ഒമ്പത് പന്ത് ബാക്കി നില്‍ക്കെയാണ് വിജയലക്ഷ്യം മറികടന്നത്. 36 പന്തില്‍ നിന്ന് 52 റൺസ് നേടിയ നിതീഷ് റാണയാണ് ഡല്‍ഹിയെ വിജയിപ്പിച്ചത്. ടൂര്‍ണമെന്‍റിലെ ആദ്യ രണ്ട് മത്സരങ്ങളിലും കേരളം ജയിച്ചിരുന്നു. മണിപ്പൂരിനെ 83 റണ്‍സിനും, ആന്ധ്രയെ എട്ട് റണ്‍സിനുമാണ് കേരളം തോല്‍പ്പിച്ചത്. ഈ മാസം 27ന് നടക്കുന്ന നാലാം ടി-20ല്‍ ജമ്മു കശ്മീരാണ് കേരളത്തിന്‍റെ എതിരാളികൾ.