ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ സെമി കാണാതെ കേരളം പുറത്ത്. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍മാരായ കര്‍ണാടകത്തോട് 80 റണ്‍സിന് പരാജയപ്പെട്ടാണ് കേരളം പുറത്തായത്. കര്‍ണാടകം ഉയര്‍ത്തിയ 338 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന കേരളം 43.4 ഓവറില്‍ 258 റണ്‍സെടുത്ത് പുറത്തായി.
അര്‍ദ്ധസെഞ്ച്വറിയോടെ 92 റണ്‍സെടുത്ത വത്സല്‍ ഗോവിന്ദും 52 റണ്‍സെടുത്ത മുഹമ്മദ് അസ്‌ഹറുദ്ദീനും മാത്രമെ കര്‍ണാടകത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായുള്ളൂ. ഇരുവരെയും കൂടാതെ വിഷ്‌ണു വിനോദ്(28), നായകന്‍ സച്ചന്‍ ബേബി(27), ജലജ് സക്‌സേന(24), പുറത്താകാതെ 10 റണ്‍സെടുത്ത ബേസില്‍ എന്നിവര്‍ക്കെ രണ്ടക്ക സ്‌കോര്‍ നേടാനായുള്ളൂ. കര്‍ണാടകക്ക് വേണ്ടി റോണിറ്റ് മോറെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ ശ്രേയസ് ഗോപാല്‍, കൃഷ്‌ണപ്പ ഗൗതം എന്നിവര്‍ രണ്ടും പ്രസിദ്ധ് കൃഷ്‌ണ ഒരു വിക്കറ്റും വീഴ്‌ത്തി.
നേരത്തെ ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത കേരളത്തിന് എതിരെ ഓപ്പണര്‍മാരായ രവികുമാര്‍ സമര്‍ഥിന്‍റെയും ദേവ്‌ദത്ത് പടിക്കലിന്‍റെയും കരുത്തിലാണ് കര്‍ണാകട കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. കൂറ്റന്‍ ഇന്നിങ്സ് പടുത്തുയര്‍ത്തിയ രവികുമാറിന് നിര്‍ഭാഗ്യം കൊണ്ടാണ് ഇരട്ട സെഞ്ച്വറി കണ്ടെത്താനാകാതെ പോയത്. 152 പന്തില്‍ മൂന്ന് സിക്‌സും 22 ബൗണ്ടറിയും ഉള്‍പ്പെടെ സെഞ്ച്വറിയോടെ 192 റണ്‍സാണ് രവി സ്‌കോര്‍ബോഡില്‍ ചേര്‍ത്തത്.