വീണ്ടും അപകടം വിതച്ച് ഓസ്ട്രേലിയൻ മൈതാനം; പരിക്കേറ്റ ശ്രീലങ്കൻ താരം ആശുപത്രിയില്‍ - ഓസ്ട്രേലിയ
ശ്രീലങ്കൻ ഓപ്പണർ ദിമുത് കരുണരത്നയ്ക്കാണ് പരിക്കേറ്റത്. പാറ്റ് കമ്മിൻസിന്‍റെ ബൗൺസർ കഴുത്തിന്‍റെ പിറക് വശത്ത് പതിക്കുകയായിരുന്നു.

പരിക്കേറ്റ കരുണരത്ന
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ശ്രീലങ്കൻ താരം ദിമുത് കരുണരത്നയ്ക്ക് പരിക്കേറ്റു. ഓസ്ട്രേലിയൻ പേസ് ബൗളർ പാറ്റ് കമ്മിൻസിന്‍റെ ബൗൺസർ കഴുത്തില്‍ കൊണ്ട് കരുണരത്നെ വീഴുകയായിരുന്നു. വിദഗ്ധ ചികിത്സക്കായി താരത്തെ ആശുപത്രിയിലേക്ക് മാറ്റി.
കരുണരത്നയ്ക്ക് പരിക്കേറ്റ പന്ത്

ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ദിനമാണ് ക്രിക്കറ്റ് ലോകത്തെ ഭീതിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. കമ്മിൻസിന്‍റെ മണിക്കൂറില്‍1 42.5 കിലോമീറ്റര്‍ വേഗത്തില്‍ വന്ന പന്ത് കഴുത്തിന്‍റെ പിന്‍വശത്ത് കൊള്ളുകയായിരുന്നു. ഗ്രൗണ്ടില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോർട്ട്. നേരത്തെ സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയൻ താരം ഫില്‍ ഹ്യൂസ് ബൗൺസർ തലയ്ക്കേറ്റതിനെ തുടർന്ന് മരിച്ചിരുന്നു. അത്തരമൊരു സംഭവം ആവർത്തിച്ചതോടെ താരങ്ങളും ആരാധകരും ആശങ്കയിലാണ്. മികച്ച ഫോമില്‍ കളിച്ചിരുന്ന കരുണരത്ന 84 പന്തില്‍ 46 റൺസ് നേടി നില്‍ക്കുമ്പോഴായിരുന്നു പരിക്കേറ്റത്.