ന്യൂഡല്‍ഹി: വിജയ്‌ഹസാരെ ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ കര്‍ണാടകം ഫൈനല്‍ കാണാതെ പുറത്ത്. സെമി ഫൈനലില്‍ മുംബൈയോട് 72 റണ്‍സിന്‍റ പരാജയം ഏറ്റുവാങ്ങിയാണ് കര്‍ണാടക പുറത്തായത്. സെഞ്ച്വറിയോടെ 165 റണ്‍സെടുത്ത പ്രിഥ്വി ഷായുടെ കരുത്തിലാണ് മുംബൈയുടെ ജയം.
പ്രിഥ്വിയെ കൂടാതെ 45 റണ്‍സെടുത്ത ഷംസം മുലാനിയും 16 റണ്‍സെടുത്ത ആദിത്യ താരെയും 27 റണ്‍സെടുത്ത ശിവം ദുബെയും 25 റണ്‍സെടുത്ത അമാന്‍ ഹക്കീം ഖാനും മുംബൈക്ക് വേണ്ടി രണ്ടക്ക സ്‌കോര്‍ സ്വന്തമാക്കി. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത കര്‍ണാടകത്തിനെതിരെ നാല് പന്ത് ശേഷിക്കെ 322 റണ്‍സെടുത്ത് മുംബൈ പുറത്തായി. കര്‍ണാടകത്തിന് വേണ്ടി വിജയകുമാര്‍ നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്‌ണ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ് ആരംഭിച്ച കര്‍ണാടകം 42.4 ഓവറില്‍ 250 റണ്‍സെടുത്ത് പുറത്തായി. 64 റണ്‍സെടുത്ത ഓപ്പണര്‍ ദേവ്ദത്ത് പടിക്കലാണ് കര്‍ണാടകത്തിന്‍റെ ടോപ്പ് സ്‌കോറര്‍. മധ്യനിരയില്‍ 61 റണ്‍സെടുത്ത ബിആര്‍ ശരത്തും കര്‍ണാടകത്തിന് വേണ്ടി മോശമല്ലാത്ത സ്‌കോര്‍ കണ്ടെത്തി. ഷംസ് മുലാനി, പ്രശാന്ത് സോളാങ്കി, തനുഷ് കൊട്ടിയന്‍, തുഷാര്‍ ദേശ്‌പാണ്ഡെ എന്നിവര്‍ മുംബൈക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. സെഞ്ച്വറി നേടിയ പ്രിഥ്വി ഷായെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
യുപി ഫൈനലില്‍
ടൂര്‍ണമെന്‍റില്‍ ഇന്ന് നടന്ന മറ്റൊരു സെമി പോരാട്ടത്തില്‍ ഗുജറാത്തിനെതിരെ 44 പന്ത് ശേഷിക്കെ ഉത്തര്‍ പ്രദേശ് അഞ്ച് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഗുജറാത്ത് 48.1 ഓവറില്‍ 184 റണ്‍സെടുത്തു. മറുപടി ബാറ്റിങ് ആരംഭിച്ച യുപി 42.4 ഓവറില്‍ ലക്ഷ്യം കണ്ടു. അര്‍ദ്ധസെഞ്ച്വറിയോടെ 71 റണ്‍സെടുത്ത അക്ഷ്‌ദീപ് നാഥാണ് യുപിയുടെ ജയം അനായാസമാക്കിയത്.