ബെംഗളൂരു:കർണാടക പ്രീമിയർ ലീഗില്‍ ഒത്തുകളി കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റില്‍. രാജ്യാന്തര ഒത്തുകളി സംഘങ്ങളുമായി ബന്ധമുള്ള സയ്യാം എന്നയാളാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലായത്. ഹരിയാന സ്വദേശിയായ സയ്യാമിനെതിരെ പൊലീസ് ലുക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സമാനകേസില്‍ പ്രസിദ്ധ വാദ്യകലാകാരന്‍ ഭവേഷ് ബഫ്‌നയും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ അറസ്‌റ്റ് ഉണ്ടായിരിക്കുന്നത്.
ഈ മാസമാദ്യം കർണാടക പ്രീമിയർ ലീഗില്‍ ഒത്തുകളി നടത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങൾ അറസ്റ്റിലായിരുന്നു. കർണാടക രഞ്ജി താരവും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ സിഎം ഗൗതം, കർണാടക, മിസോറാം രഞ്ജി ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള അബ്രാർ ഖാസി എന്നിവരാണ് ബെംഗളൂരു സെൻട്രല്‍ ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായത്. കർണാടക പ്രീമിയർ ലീഗിലെ ബെല്ലാരി ടസ്ക്കേഴ്സ് നായകനാണ് സിഎം ഗൗതം. അബ്രാർ ഖാസിയും ബെല്ലാരി ടസ്ക്കേഴ്സ് താരമാണ്. ബെല്ലാരിയും ഹൂബ്ലിയും തമ്മില്‍ നടന്ന കെപില്‍ 2019 ഫൈനല്‍ മത്സരത്തില്‍ ഇരുവരും ഒത്തുകളി നടത്തിയെന്നും, ഇതിന് പ്രതിഫലമായി 20 ലക്ഷം രൂപ ഇരുവരും കൈപ്പറ്റിയയതായും പൊലീസ് കണ്ടെത്തിയിരുന്നു.