ന്യൂഡല്‍ഹി: 2006 ജനുവരി 29, ചിരവൈരികളായ പാകിസ്ഥാനെതിരെ നടന്ന ടെസ്‌റ്റിന്‍റെ ആദ്യ ഓവറില്‍ ഹാട്രിക് നേടി അത്‌ഭുതം സൃഷ്‌ടിച്ച ഇന്ത്യന്‍ ബൗളര്‍. ആ ദിവസമാണ് ഇര്‍ഫാന്‍ പത്താന്‍ എന്ന താരത്തെ ക്രിക്കറ്റ് ആരാധകര്‍ മനസില്‍ കുടിയിരുത്തിയത്. ഇന്ത്യ കണ്ട എറ്റവും മികച്ച ഓള്‍ റൗണ്ടറായ കപില്‍ ദേവിന്‍റെ പിന്‍ഗാമിയെന്ന് ക്രിക്കറ്റ് ലോകം വാഴ്‌ത്തിയ ഇര്‍ഫാന്‍ പത്താന്‍ 16 വര്‍ഷത്തെ മൈതാന ജീവിതം അവസാനിപ്പിച്ച് ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു.
തന്‍റെ 35-ാം വയസില്‍ ക്രിക്കറ്റ് മൈതാനത്തോട് വിട പറയുമ്പോള്‍ തന്‍റെ പ്രായത്തേക്കാള്‍ കൂടുതല്‍ കാലം നീണ്ടു നില്‍ക്കുന്ന നിമിഷങ്ങള്‍ ഈ ഇടം കയ്യന്‍ മീഡിയം പേസ് ബൗളര്‍ ക്രിക്കറ്റ് ആരാധകരുടെ മനസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പാകിസ്ഥാനെതിരായ ഹാട്രിക് നേട്ടം ആഘോഷിക്കുന്ന പത്താനും ടീമംഗങ്ങളും
1984 ഒക്‌ടോബര്‍ ഇരുപത്തിയേഴിന് ഗുജറാത്തിലെ ബറോഡയില്‍ ജനിച്ച ഇര്‍ഫാന്‍ പത്താന്‍ ഇന്ത്യന്‍ ദേശീയ ടീമിലേക്ക് എത്തുന്നത് 2003 ലാണ്. ഇടം കയ്യന്‍ സ്വിങ് ബോളറായി ടീമിലെത്തിയ പത്താന്‍ തന്‍റെ ബാറ്റിങ് മികവുകൊണ്ട് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇടംപിടിക്കുകയായിരുന്നു. കയറ്റങ്ങളും ഇറക്കങ്ങളും ഒരുപോലെയുണ്ടായ കരിയറില്‍ നിര്‍ണായകമായത് 2006 ലെ പാകിസ്ഥാനെതിരെ നടന്ന ടെസ്‌റ്റ് പരമ്പരയാണ്. കറാച്ചി ടെസ്റ്റില്‍ ആദ്യ ഓവറുകളില്‍ തന്നെ ഹാട്രിക്കുമായി തിളങ്ങിയ പത്താന്‍ ആദ്യ ഓവറില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി. 2007 ലെ പ്രഥമ ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിലും മികച്ച പ്രകടനമാണ് പത്താന്‍ പുറത്തെടുത്തത്. പാകിസ്ഥാനെതിരെ നടന്ന ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയ പത്താന്‍ മത്സരത്തിലെ താരമായി. ഇന്ത്യ കിരീടം ചൂടിയ ലോകകപ്പില്‍ ധോണിയുടെ വജ്രായുധമായിരുന്നു ഈ ഇടം കയ്യന്‍ പേസര്‍.
സഹോദരന്‍ യൂസഫ് പത്താനോടൊപ്പം ട്വന്‍റി ട്വന്‍റി ലോകകപ്പ് വിജയം ആഘോഷിക്കുന്നു
എന്നാല്‍ തുടര്‍ന്നങ്ങോട്ട് ഫോം നിലനിര്‍ത്താന്‍ പാടുപെട്ട ഇര്‍ഫാന്‍ പത്താന്‍ ടീമിലിടം നേടാന്‍ പ്രയാസപ്പെട്ടു. പിന്നാലെ ഉയര്‍ന്നുവന്ന പുത്തന്‍ താരോദയങ്ങള്‍ പത്താനെ മറികടന്ന് ടീമിലിടം നേടിയപ്പോള്‍ താരം ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഏറെക്കാലമായി ഇന്ത്യന്‍ ടീമിന് പുറത്തു നില്‍ക്കുന്ന പത്താന്‍ കുറേക്കാലമായി ഐപിഎല്ലിലും സജീവമല്ല. 2012 ഒക്‌ടോബര്‍ രണ്ടിന് ശ്രീലങ്കയ്‌ക്കെതിരെ നടന്ന ട്വന്‍റി ട്വന്‍റിയിലാണ് ഇര്‍ഫാന്‍ പത്താന്‍ അവസാനമായി ഇന്ത്യന്‍ കുപ്പായമിട്ടത്.
ഇര്‍ഫാന്‍ പത്താന്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു
രാജ്യത്തിനായി 29 ടെസ്റ്റില്‍ കളിച്ച പത്താന്‍ 100 വിക്കറ്റും 1105 റണ്‍സും നേടി. 120 ഏകദിനങ്ങളില്‍ നിന്നായി 1544 റണ്‍സും 173 വിക്കറ്റുകളും വീഴ്ത്തി. 24 ട്വന്‍റി ട്വന്‍റി മത്സരങ്ങളിലും ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ താരം 172 റണ്‍സടിച്ചെടുക്കുകയും 28 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്‌തു. ആഭ്യന്തര ക്രിക്കറ്റില്‍ ജമ്മു കശ്‌മീര്‍ ടീമിന്‍റെ കളിക്കാരനായും ഉപദേശകനായും പ്രവര്‍ത്തിക്കുകയാണ് നിലവില്‍ പത്താന്‍. വരും സീസണില്‍ ജമ്മു കശ്‌മീര്‍ ടീമിന്‍റെ ഉപദേശകനായി തുടരുമെന്നും പത്താന്‍ പറഞ്ഞു.