ന്യൂഡല്‍ഹി: ഐപിഎല്‍ 13-ാം സീസണ്‍ സെപ്‌റ്റംബർ 25 മുതല്‍ നവംബർ ഒന്ന് വരെ നടത്താനുള്ള സാധ്യത അന്വേഷിച്ച് ബിസിസിഐ. രാജ്യത്തെ കൊവിഡ് 19 ഭീതി കുറയുകയാണെങ്കില്‍ സെപ്‌റ്റംബർ അവസാനത്തോടെ ഐപില്‍ സംഘടിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗാണ് ഐപിഎല്‍.
ഐപിഎല്‍ ട്രോഫിക്കൊപ്പം രോഹിത് ശർമയും മഹേന്ദ്രസിങ് ധോണിയും(ഫയല്‍ ചിത്രം). ഓസ്‌ട്രേലിയയില്‍ ഒക്‌ടോബർ 18 മുതല്‍ നടക്കേണ്ടയിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവെച്ചാലെ ഈ നീക്കങ്ങൾ യാഥാർഥ്യമാകൂ. നവംബർ 15 വരെയാണ് ലോകകപ്പ്. നിലവിലെ സമയ ക്രമീകരണം അനുസരിച്ച് മുന്‍ നിശ്ചയിച്ച പ്രകാരം ലോകകപ്പ് നടത്താനാകില്ലെന്ന് ഓസിസ് താരങ്ങൾ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. മെയ് 28-ന് നടക്കുന്ന ഐസിസി യോഗം ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കും.
അതേസമയം സെപ്റ്റംബർ അവസാനം മുതൽ നവംബർ ആദ്യം വരെയുള്ള വിൻഡോയിൽ ഐപിഎല്‍ നടത്താനാണ് നീക്കം നടത്തുന്നതെന്ന് ഫ്രാഞ്ചൈസി വൃത്തങ്ങൾ വ്യക്തമാക്കി. ലീഗ് സംഘടിപ്പിക്കാന്‍ കുറഞ്ഞത് ഒരു മാസത്തെ ആസൂത്രണം വേണം. കൂടാതെ പരസ്യം ഉൾപ്പെടെയുള്ള മേഖലക്കും സമയം ആവശ്യമാണെന്നും അവർ സൂചിപ്പിച്ചു. കൊവിഡ് 19 പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളും ആവശ്യമായി വരും. എന്നാല്‍ ക്വാറന്‍റയിന്‍ ഉൾപ്പെടെ ആവശ്യമാകുമൊ എന്ന കാര്യത്തില്‍ ഇതേവരെ വ്യക്തത വന്നിട്ടില്ല.
കൊവിഡ് 19 ചികിത്സ (ഫയല്‍ ചിത്രം). ലോകത്ത് കൊവിഡ് 19 കാരണം ജർമന്‍ ഫുട്‌ബോൾ ലീഗായ ബുണ്ടസ് ലീഗ ഒഴികെയുള്ള മത്സരങ്ങളെല്ലാം നിലവില്‍ മാറ്റിവെച്ചിരിക്കുകയാണ്. കഴിഞ്ഞ മെയ് 16-ാം തീയതിയാണ് ബുണ്ടസ് ലീഗ പുനരാരംഭിച്ചത്. ജർമന്‍ സർക്കാരിന്‍റെ അനുമതിയോടെയാണ് ലീഗ് നടക്കുന്നത്.