കേരളം

kerala

പഞ്ചാബിന് ജയിക്കാതെ രക്ഷയില്ല: ജയം തുടരാൻ ബാംഗ്ലൂർ

By

Published : Oct 15, 2020, 2:19 PM IST

ടൂർണമെന്‍റിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടാനാകും കോലിയും സംഘവും ഇന്നിറങ്ങുക. അതേസമയം, ബാംഗ്ലൂരിനെ പരാജയപ്പെടുത്തി ഐപിഎല്‍ പ്രതീക്ഷ നിലനിർത്താനാകും ലോകേഷ് രാഹുലും സംഘവും ശ്രമിക്കുക.

ipl-royal-challengers-bangalore-take-on-kings-xi-punjab
പഞ്ചാബിന് ജയിക്കാതെ രക്ഷയില്ല: ജയം തുടരാൻ ബാംഗ്ലൂർ

ഷാർജ: ഈ ഐപിഎല്ലിലെ ഏറ്റവും ശക്തമായ ബാറ്റിങ് നിരയും ബൗളിങ് നിരയുമുള്ള ടീമുകളിലൊന്നാണ് കിംഗ്‌സ് ഇലവൻ പഞ്ചാബ്. കണക്കുകളില്‍ അത് വ്യക്തമാണ്. ലോകേഷ് രാഹുല്‍, മായങ്ക് അഗർവാൾ, നിക്കോളാസ് പുരാൻ, ഗ്‌ളെൻ മാക്‌സ്‌വെല്‍ അതിനൊപ്പം ക്രിസ് ഗെയ്‌ല്‍ കൂടി ചേർന്നാല്‍ ഏത് വമ്പൻ ടീമും ഒന്നു വിയർക്കും. ഷെല്‍ഡൻ കോട്രെല്‍, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയി, ക്രിസ് ജോർദാൻ, അർഷദീപ് സിങ് എന്നിവർ ബൗളിങില്‍ ചേരുമ്പോൾ ടീം സുസജ്ജം. പക്ഷേ ഇതുവരെ കളിച്ച ഏഴ് കളികളില്‍ ഒന്നില്‍ മാത്രമാണ് ലോകേഷ് രാഹുല്‍ നയിക്കുന്ന പഞ്ചാബിന് ജയിക്കാനായത്. അതും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരെ. അതേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് ഇന്ന് പഞ്ചാബിന്‍റെ എതിരാളികൾ. പക്ഷേ ഏഴ് കളികളില്‍ രണ്ടെണ്ണം മാത്രം പരാജയപ്പെട്ട ബാംഗ്ലൂർ അഞ്ച് കളികളില്‍ ജയിച്ചു കയറി. ടൂർണമെന്‍റിലെ പോയിന്‍റ് പട്ടികയില്‍ വിരാട് കോലിയുടെ ടീം മൂന്നാമതാണ്. ഇന്ന് ജയിച്ചാല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താം.

പക്ഷേ പഞ്ചാബിന്‍റെ സ്ഥിതി ദയനീയമാണ്. ഏഴ് കളികളില്‍ ഒരു ജയവും ആറ് തോല്‍വിയുമായി പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് പഞ്ചാബ്. ഇന്ന് രാത്രി 7.30ന് ഷാർജ സ്റ്റേഡിയത്തില്‍ ടോസിടുമ്പോൾ പഞ്ചാബ് നായകൻ ലോകേഷ് രാഹുലിന് വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാകില്ല. പരിക്കില്‍ നിന്ന് മുക്തനായി ക്രിസ് ഗെയില്‍ തിരിച്ചെത്തുമെന്നാണ് പഞ്ചാബ് ടീം പ്രതീക്ഷിക്കുന്നത്. ഗെയില്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ലോകേഷ് രാഹുല്‍ മൂന്നാമനായി ഇറങ്ങും. ഷെല്‍ഡൻ കോട്രെലിന് പകരം ക്രിസ് ജോർദാനും ടീമിലെത്തും. കരുൺ നായർക്ക് പകരം മൻദീപ് സിങ് ടീമില്‍ ഉൾപ്പെട്ടേക്കും. മുരുകൻ അശ്വിൻ, രവി ബിഷ്ണോയി എന്നിവർ സ്പിൻ ഡിപ്പാർട്ടുമെന്‍റും കൈകാര്യം ചെയ്യും. ജോർദാനൊപ്പം ഷമിയും അർഷദീപ് സിങും പേസ് ബൗളിങിനെ നയിക്കും. ഗ്‌ളെൻ മാക്‌സ്‌വെല്‍ ഇനിയും ഫോമിലെത്താതാണ് പഞ്ചാബിനെ വലയ്ക്കുന്നത്. ടൂർണമെന്‍റിലെ ടോപ് സ്കോററായ രാഹുലിനൊപ്പം പുരാനും ഗെയിലും ഫോമിലെത്തിയാല്‍ പഞ്ചാബിന് മികച്ച സ്കോർ കണ്ടെത്താനാകും.

അതേസമയം, മികച്ച ബൗളിങാണ് ഇത്തവണ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടൂർണമെന്‍റില്‍ പുറത്തെടുക്കുന്നത്. യൂസ്‌വേന്ദ്ര ചാഹല്‍, വാഷിങ്ടൺ സുന്ദർ എന്നിവർ റൺ വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കുന്നതിനൊപ്പം വിക്കറ്റെടുക്കുന്നതിലും മികവ് പുലർത്തുന്നുണ്ട്. അതോടൊപ്പം നവദീപ് സെയ്‌നി, ക്രിസ് മോറിസ്, ഇസിരു ഉഡാന, മുഹമ്മദ് സിറാജ് എന്നിവർ ഉൾപ്പെടുന്ന പേസ് ബൗളിങ് നിര ലോക നിലവാരത്തിലാണ് കളിക്കുന്നത്. ഡെത്ത് ഓവറുകളില്‍ സെയ്‌നിയും മോറിസും മികവു പുലർത്തുമ്പോൾ ഉഡാനയും സിറാജും മികച്ച പിന്തുണ നല്‍കുകയാണ്.

ഓപ്പണർ ദേവ്‌ദത്ത് പടിക്കല്‍ തുടർച്ചയായി അർധ സെഞ്ച്വറികളുമായി മികച്ച തുടക്കം നല്‍കുമ്പോൾ ഫോമിലേക്ക് തിരിച്ചെത്തിയ നായകൻ വിരാട് കോലി, തകർപ്പൻ ബാറ്റിങുമായി കളിം നിറയുന്ന എബി ഡിവില്ലിയേഴ്‌സ് എന്നിവർ കൂടി ചേരുമ്പോൾ ബാംഗ്ലൂർ ഫോമിലാകും. മധ്യനിരയില്‍ ശിവം ദുബെയും ഓപ്പണർ ആരോൺ ഫിഞ്ചും ഫോമിലാകുമെന്നാണ് ബാംഗ്ലൂർ ആരാധകർ പ്രതീക്ഷിക്കുന്നത്. ടൂർണമെന്‍റിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടാനാകും കോലിയും സംഘവും ഇന്നിറങ്ങുക. അതേസമയം, ബാംഗ്ലൂരിനെ പരാജയപ്പെടുത്തി ഐപിഎല്‍ പ്രതീക്ഷ നിലനിർത്താനാകും ലോകേഷ് രാഹുലും സംഘവും ശ്രമിക്കുക.

ABOUT THE AUTHOR

...view details