കൊല്‍ക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും. ഈഡൻ ഗാർഡൻസില്‍ രാത്രി എട്ട് മണിക്കാണ് മത്സരം.
പന്ത്രണ്ടാം സീസൺ ഗംഭീരമായി തുടങ്ങിയ കൊല്‍ക്കത്ത ഓരോ മത്സരങ്ങൾക്ക് ശേഷവും പിന്നോട്ടുപോകുന്ന കാഴ്ചയാണ് കണ്ടത്. വെസ്റ്റ് ഇൻഡീസ് താരം ആന്ദ്രേ റസ്സലിന്‍റെ ഒറ്റയാൾ പോരാട്ടങ്ങളാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചിരുന്നത്. റസ്സലിന്‍റെ നിറം മങ്ങിതുടങ്ങിയതോടെ കൊല്‍ക്കത്തയുടെയും നിറം മങ്ങി. ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതില്‍ കൊല്‍ക്കത്ത പരാജയപ്പെടുന്നു. ഓപ്പണർമാരായ ക്രിസ് ലിന്നിന്‍റെയും സുനില്‍ നരെയ്ന്‍റെയും ആദ്യ പവർപ്ലേയിലെ പ്രകടനമാണ് ടീമിന്‍റെ വിജയത്തില്‍ പങ്ക് വഹിക്കുന്ന മറ്റൊരു ഘടകം. ദിനേഷ് കാർത്തിക്ക്, റോബിൻ ഉത്തപ്പ, നിതീഷ് റാണ, ശുഭ്മാൻ ഗില്‍ എന്നിവർക്ക് സ്ഥിരതയില്ലാത്തതും ടീമിന് തിരിച്ചടി നല്‍കുന്നു. ബാറ്റിംഗിന് പുറമേ കൊല്‍ക്കത്തയുടെ ബൗളിംഗ് നിരയും മികവിലേക്ക് ഉയരുന്നില്ല. കുല്‍ദീപ് യാദവ്, പിയൂഷ് ചൗള, സുനില്‍ നരെയ്ൻ എന്നീ സ്പിന്നർമാരും പ്രസീദ് കൃഷ്ണ, ലോക്കി ഫെർഗുസൻ എന്നീ പേസർമാരും അവസരങ്ങൾക്കൊത്ത പ്രകടനം കാഴ്ചവയ്ക്കുന്നില്ല.