ലണ്ടന്‍: ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ പരിക്ക് കാരണം ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കില്ല. കൈ മുട്ടിന് പരിക്കേറ്റതിനെ തുടർന്നാണ് താരത്തിന്‍റെ പിന്‍മാറ്റം. ആർച്ചറിന്‍റെ അഭാവം സ്റ്റീവ് സ്‌മിത്ത് നയിക്കുന്ന റോയല്‍സിന് വലിയ തിരിച്ചടിയാകും. രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്രമുഖ വിദേശ താരമാണ് ആർച്ചർ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അടുത്തിടെ നടന്ന ടെസ്റ്റ് പരമ്പരയിൽ പരിക്ക് കാരണം ഒരു മത്സരത്തിൽ മാത്രമാണ് ആർച്ചർ കളിച്ചിരുന്നത്. പരിക്ക് മാറി താരം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. അതേസമയം ആരാധകരെ നിരാശരാക്കികൊണ്ട് ആർച്ചർ ഐപിഎല്ലില്‍ കളിക്കില്ലെന്ന് ഐസിസി ട്വീറ്റ് ചെയ്‌തു.
രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി; ജോഫ്ര ആർച്ചർ കളിക്കില്ല
കൈമുട്ടിന് പരിക്കേറ്റതിനാല്‍ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർക്ക് ഈ സീസണിലെ ഐപിഎല്‍ മത്സരം നഷ്‌ടമാകുമെന്ന് ഐസിസി ട്വീറ്റ് ചെയ്‌തു.
കൈമുട്ടിന് പരിക്കേറ്റ താരം കുറഞ്ഞത് മൂന്ന് മാസമെങ്കിലും കളത്തിന് പുറത്തിരിക്കേണ്ടിവരും. ഐപിഎല്‍ മത്സരങ്ങൾക്ക് മാർച്ച് 23-ന് തുടക്കമാകും. മെയ് 24-നാണ് ഫൈനല്‍. 2018 സീസണിലാണ് 24കാരനായ താരം ടീമിനൊപ്പം ചേരുന്നത്. ആദ്യ സീസണിൽ തന്നെ ടീമിനെ പ്ലേ ഓഫിലെത്തിക്കുന്നതിൽ ആർച്ചർ നിർണായക പങ്ക് വഹിച്ചിരുന്നു. ആദ്യ സീസണില്‍ റോയല്‍സിന് വേണ്ടി 15 വിക്കറ്റും രണ്ടാം സീസണില്‍ 11 വിക്കറ്റും താരം സ്വന്തമാക്കി. രണ്ടാം സീസണില്‍ 6.76 റണ്‍സായിരുന്നു താരത്തിന്‍റെ ബൗളിങ് ശരാശരി. മികച്ച പ്രകടനം കാരണം താരത്തെ റോയല്‍സ് ഈ സീസണിലും ടീമില്‍ നിലനിർത്തുകയായിരുന്നു.
അടുത്തമാസം തുടങ്ങാനിരിക്കുന്ന ഇംഗ്ലണ്ടിന്‍റെ ശ്രീലങ്കന്‍ പര്യടനത്തിന് ആർച്ചർക്ക് പകരം സാഖിബ് മെഹ്മൂദിനെ ടീമില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഇംഗ്ലീഷ് ടീം അടുത്തതായി കളിക്കുക. ഏകദിന പരമ്പരക്ക് ഫെബ്രുവരി ഏഴാം തീയ്യതി തുടക്കമാകും. തുടർന്ന് മാർച്ച് 19-ന് ഇംഗ്ലണ്ട് ടീമിന്‍റെ ശ്രീലങ്കന്‍ പര്യടനം ആരംഭിക്കും. മൂന്ന് വീതം ടെസ്‌റ്റും ഏകദിനങ്ങളും ടി20യും അടങ്ങുന്നതാണ് പരമ്പര.