ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാൻ റോയല്‍സിന് 162 റൺസിന്‍റെ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 161 റൺസെടുത്തു. ശിഖർ ധവാന്‍റെയും നായകൻ ശ്രേയസ് അയ്യരിന്‍റെയും മികച്ച ബാറ്റിങ് പ്രകടനമാണ് ഡല്‍ഹിയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.
ഡല്‍ഹിക്കെതിരെ രാജസ്ഥാന് 162 റൺസ് വിജയലക്ഷ്യം - ഐപിഎല്‍ 2020
ഡല്‍ഹിക്ക് വേണ്ടി അർധ സെഞ്ച്വറി നേടി ധവാനും ശ്രേയസ് അയ്യരും. ആർച്ചറിന് മൂന്ന് വിക്കറ്റ്.
മത്സരത്തിന്‍റെ ആദ്യ പന്തില്‍ തന്നെ ഡല്‍ഹിക്ക് ഓപ്പണർ പൃഥ്വി ഷായുടെ വിക്കറ്റ് നഷ്‌ടമായി. ജോഫ്ര ആർച്ചറാണ് വിക്കറ്റ് വീഴ്‌ത്തിയത്. മൂന്നാമനായി ഇറങ്ങിയ രഹാനെ രണ്ട് റൺസ് മാത്രമെടുത്ത് പുറത്തായി. നാലാം വിക്കറ്റില്‍ ശിഖർ ധവാൻ - ശ്രേയസ് അയ്യർ കൂട്ടുകെട്ടാണ് ഡല്‍ഹിയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ധവാൻ 57 റൺസും ശ്രേയസ് അയ്യർ 53 റൺസെടുത്തും പുറത്തായി. സ്റ്റോയിണിസ്, അലക്‌സ് കാറെ എന്നിവർക്ക് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ കഴിഞ്ഞില്ല. രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ജയദേവ് ഉനദ്‌ഘട്ട് രണ്ടും കാർത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്‌ത്തി.
മറുപടി ബാറ്റിങിനിറങ്ങിയ രാജസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ബെൻ സ്റ്റോക്‌സും ജോസ് ബട്‌ലറും നല്‍കിയത്. പവർപ്ലേ ഓവറുകൾ അവസാനിച്ചപ്പോൾ രാജസ്ഥാൻ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 50 റൺസ് നേടി.