ക്രൈസ്റ്റ്ചർച്ച്:ന്യൂസിലന്‍ഡിന് എതിരായ രണ്ടാമത്തെ ടെസ്റ്റില്‍ മായങ്ക് അഗർവാളിന് ഒപ്പം ഓപ്പണറായി ഇറങ്ങാന്‍ ശുഭ്‌മാന്‍ ഗില്ലിന് അവസരം ലഭിച്ചേക്കും. ഓപ്പണർ പൃഥ്വി ഷായ്ക്ക് കാലിന് പരിക്കേറ്റതിനെ തുടർന്നാണ് ഗില്ലിന് അവസരം ഒരുങ്ങുന്നത്. ഇടത് കാലില്‍ നീര് വന്നതിനെ തുടർന്ന് ഷാ വ്യാഴാഴ്‌ച്ചത്തെ പരിശീലനത്തില്‍ നിന്നും വിട്ടുനിന്നിരുന്നു.
പൃഥ്വിക്ക് പരിക്ക്; ശുഭ്‌മാൻ ഗില്ലിന് അവസരം ഒരുങ്ങുന്നു - പ്രിഥ്വി ഷാ വാർത്ത
പൃഥ്വി ഷാക്ക് പരിക്കേറ്റതിനെ തുടർന്ന് ക്രൈസ്റ്റ്ചർച്ച് ടെസ്റ്റില്‍ കിവീസിന് എതിരെ ഓപ്പണറായി ഇറങ്ങാന്‍ ശുഭ്‌മാന്‍ ഗില്ലിന് അവസരം ലഭിച്ചേക്കും
കാലിന് നീരുവരാനുള്ള കാരണം കണ്ടെത്താനായി പൃഥ്വി രക്ത പരിശോധന നടത്തിയേക്കും. അതേസമയം പൃഥ്വിക്ക് നിസാര പരിക്കേ ഉണ്ടാകാന്‍ സാധ്യതയുള്ളൂവെന്ന് പ്രതീക്ഷിക്കുന്നതായി ബിസിസിഐ അധികൃതർ പറഞ്ഞു. വെല്ലിങ്ടണ്‍ ടെസ്റ്റില്‍ പൃഥ്വി മോശം പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഇന്നിങ്സില്‍ 16 റണ്‍സെടുത്തും രണ്ടാം ഇന്നിങ്സില്‍ 14 റണ്‍സെടുത്തും താരം പുറത്തായിരുന്നു. വ്യാഴാഴ്‌ച്ചത്തെ പരിശീലനത്തില്‍ ഗില്ലിന്‍റെ കാര്യത്തില്‍ പരിശീലകന്‍ രവി ശാസ്‌ത്രി കൂടുതല്‍ ശ്രദ്ധപുലർത്തിയതും ശ്രദ്ധേയമാണ്.
ടീം ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിന് ശനിയാഴ്‌ച ക്രൈസ്റ്റ്ചർച്ചിലാണ് തുടക്കമാകുക. ടെസ്റ്റ് പരമ്പരയില്‍ വെല്ലിങ്ടണില്‍ നടന്ന ആദ്യ മത്സരം നേരത്തെ കിവീസ് ഒരു ദിവസം ശേഷിക്കെ 10 വിക്കറ്റിന് സ്വന്തമാക്കിയിരുന്നു.