മുംബൈ:വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും രവീന്ദ്ര ജഡേജയും ഏകദിന, ടി-20 ടീമുകളില്‍ തിരിച്ചെത്തി. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലുണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ ഇത്തവണയും ടീമില്‍ ഇടം നേടിയില്ല. എന്നാല്‍ മോശം ഫോമിലുള്ള ശിഖര്‍ ധവാന്‍ ഇരു ടീമിലും സ്ഥാനം നിലനിര്‍ത്തി.
ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ഇത് വലിയ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. വലിയ പ്രകടനങ്ങളൊന്നും പുറത്തെടുത്തില്ലെങ്കിലും ശിഖര്‍ ധവാനും ഋഷഭ് പന്തും കെ.എല്‍.രാഹുലും ടീമില്‍ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. ബംഗ്ലാദേശിനെതിരെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ച ശിവം ദുബെ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഖലീല്‍ അഹമ്മദും കുനാല്‍ പാണ്ഡ്യയും ടീമില്‍ നിന്ന് പുറത്തായി. കേദാര്‍ ജാദവ് ഏകദിന ടീമില്‍ തിരിച്ചെത്തിയതാണ് മറ്റൊരു പ്രകടമായ മാറ്റം. കുനാല്‍ പാണ്ഡ്യക്ക് പകരമാണ് ജഡേജ ടി-20 ടീമില്‍ തിരിച്ചെത്തിയത്. ദീപക് ചാഹര്‍ ടി20ക്ക് പിന്നാലെ ഏകദിന ടീമിലും സ്ഥാനം നേടി. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ടീമില്‍ നിലനിര്‍ത്തി.
അദ്ദേഹത്തിന് വിശ്രമം അനുവദിക്കുമെന്ന് സൂചനയുണ്ടായിരുന്നു. പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതരാകാത്ത ഹര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, നവദീപ് സെയ്നി, എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല.