മുംബൈ: കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനം മാറ്റിവക്കാന്‍ നീക്കം. ജൂലൈയില്‍ നടക്കാനിരിക്കുന്ന പര്യടനം മാറ്റിവക്കുന്നതുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോർഡുമായി ചർച്ച നടത്തിയെന്ന് ബിസിസിഐ ജനറല്‍ മാനേജർ സാബാ കരീം പറഞ്ഞു. എന്നാല്‍ പര്യടനം മാറ്റിവക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉഭയകക്ഷി പരമ്പരയുടെ ഭാഗമായി മൂന്ന് ഏകദിനങ്ങളും ടി20 മത്സരങ്ങളും ഇംഗ്ലണ്ടില്‍ കളിക്കാനാണ് ടീം ഇന്ത്യ നേരത്തെ തീരുമാനിച്ചിരുന്നത്.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനം മാറ്റിവക്കാന്‍ നീക്കം
ജൂലൈയില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മൂന്ന് ഏകദിനങ്ങളും ടി20 മത്സരങ്ങളും കളിക്കാനാണ് തീരുമാനിച്ചിരുന്നത്
അതേസമയം ത്രിരാഷ്‌ട്ര വനിതാ ടൂർണമെന്‍റ് സംഘടിപ്പിക്കാനാണ് ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോർഡ് നീക്കം നടത്തുന്നത്. ഇന്ത്യക്കും ഇംഗ്ലണ്ടിനും ഒപ്പം ദക്ഷിണാഫ്രിക്കയെയും ടൂർണമെന്‍റില്‍ പങ്കെടുപ്പിക്കാനാണ് ശ്രമമെന്ന് ഇസിബി സിഇഒ ടോം ഹാരിസണ്‍ പറഞ്ഞു. ത്രിരാഷ്‌ട്ര പരമ്പരയുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് സൗത്താഫ്രിക്കയുമായും ബിസിസിഐയുമായും സംസാരിച്ചെന്നും ഹാരിസണ്‍ വ്യക്തമാക്കി.
അതേസമയം കൊവിഡ് 19 മൂലം സ്തംഭിച്ച ക്രിക്കറ്റ് ലോകം ജൂണ്‍ എട്ടിന് വെസ്റ്റ് ഈന്‍ഡീസിന്‍റെ ഇംഗ്ലണ്ട് പര്യടനത്തോടെ വീണ്ടും സജീവമാകും. വിന്‍ഡീസ് പുരുഷ ടീം മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി കളിക്കുക. ആദ്യ ടെസ്റ്റിന് സതാംപ്‌റ്റണ്‍ വേദിയാകും.