കേരളം

kerala

ETV Bharat / sports

ഇവർ ഇന്ത്യയുടെ പൊൻ താരങ്ങൾ; ലക്ഷ്യം ലോക കിരീടം

വനിത ടി20 ലോകകപ്പ് ഫൈനലില്‍ ടീം ഇന്ത്യ ഇന്ന് മെല്‍ബണില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ നേരിടും.

t20 news  team india news  ടി20 വാർത്ത  ടീം ഇന്ത്യ വാർത്ത
ടീം ഇന്ത്യ

By

Published : Mar 8, 2020, 10:21 AM IST

ഹൈദരാബാദ്: അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ ചരിത്രത്തിലേക്ക് ചുവടുവെയ്ക്കാനാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ലക്ഷ്യമിടുന്നത്. ഹർമന്‍പ്രീത് കൗറിന്‍റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ തോല്‍പിച്ച് കപ്പുയർത്തിയാല്‍ അത് ഇന്ത്യൻ വനിതാ ക്രിക്കറ്റിന് പുതു ചരിത്രം രചിക്കാം. ഇന്ത്യന്‍ വനിതകൾ ആദ്യമായാണ് വനിതാ ടി20 ലോകകപ്പിന്‍റെ ഫൈനലില്‍ കളിക്കുന്നത്. മെല്‍ബണില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ആണ് എതിരാളികൾ. ഗ്രൂപ്പ് തലത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതിന്‍റെ മുന്‍തൂക്കം ടീം ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ലോകോത്തരമെന്ന വിശേഷണമുള്ള ഓസ്‌ട്രേലിയയെയും ന്യൂസിലന്‍ഡിനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് മാർച്ച് ചെയ്തത്.

വനിത ടി20 ലോകകപ്പ്.

ഹർമന്‍പ്രീത് കൗർ

മുന്നില്‍ നിന്നും നയിക്കാന്‍ ഇന്ത്യന്‍ ടീമിന് ഒരു ക്യാപ്റ്റുണ്ട്. ഹർമന്‍പ്രീത് കൗർ. വനിത ടി20യില്‍ ഇതിനകം 113 മത്സരങ്ങൾ പഞ്ചാബില്‍ നിന്നുള്ള ഹർമന്‍ കളിച്ചു കഴിഞ്ഞു. പുറത്താകാതെ 103 റണ്‍സോടെ സെഞ്ച്വറി സ്വന്തമാക്കിയതാണ് ടി20യിലെ ഏറ്റവും ഉയർന്ന സ്കോർ. ഇത് കൂടാതെ ആറ് അർദ്ധ സെഞ്ച്വറിയും താരം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ഒരു കാലത്ത് ലോകോത്തര ബാറ്റ്സ്മാന്‍മാരുടെ പേടി സ്വപ്നമായ വീരേന്ദ്ര സേവാഗാണ് ഹർമന്‍പ്രീത് പിന്തുടരുന്ന മാതൃക.

ഷഫാലി വർമ്മ

ഇന്ന് ഈ പേര് പല ലോകോത്തര വനിതാ ബൗളേഴ്‌സിനും പേടി സ്വപ്‌നമാണ്. തന്‍റെ ആദ്യ ലോകകപ്പ് മത്സരത്തില്‍ തന്നെ ബാറ്റ്‌കൊണ്ട് എതിരാളികളെ വിറപ്പിക്കാന്‍ ഈ ഓപ്പണർക്ക് സാധിച്ചിട്ടുണ്ട്. ഇതിനകം ലോകകപ്പില്‍ കളിച്ച നാല് മത്സരങ്ങളിലും ഷഫാലി 40 റണ്‍സില്‍ അധികം സ്വന്തമാക്കി കഴിഞ്ഞു. ഹരിയാന സ്വദേശിനിയായ 16 വയസുകാരി ഷഫാലി ഇതിനകം ഐസിസിയുടെ ടി20 റാങ്കിങ്ങില്‍ ഒന്നാമതായി. വനിത ടി20 ലോകകപ്പില്‍ ഇതിനകം നടന്ന നാല് മത്സരങ്ങളില്‍ നിന്നും 161 റണ്‍സ് സ്വന്തമാക്കിയ പ്രകടനമാണ് ഷഫാലിക്ക് തുണയായയത്. മിതാലി രാജിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഷഫാലി. 2018 മുതല്‍ ഒന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന്‍റെ സൂസി ബേറ്റ്സിനെയാണ് ഷഫാലി റാങ്കിങ്ങില്‍ മറികടന്നത്.

വനിത ടി20 ലോകകപ്പ്.

സ്‌മൃതി മന്ദാന

ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നെടുംതൂണായ മറ്റൊരു ഓപ്പണറാണ് സ്‌മൃതി മന്ദാന. ഇതിനം 74 ടി20 മത്സരങ്ങളില്‍ നിന്നായി മന്ദാന 1705 റണ്‍സ് സ്വന്തമാക്കി. ടി20 മത്സരങ്ങളില്‍ നിന്നും മന്ദാന 12 അർദ്ധ സെഞ്ച്വറികൾ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനകം നിരവധി ടി20 ലീഗുകളിലും മന്ദാന മാറ്റുരച്ചിട്ടുണ്ട്. അതേസമയം ലോകകപ്പില്‍ ഇതേവരെ രണ്ടക്കം കടക്കാനായില്ല എന്നത് മാന്ദാനയുടെ പോരായ്‌മയാണ്.

പൂനം യാദവ്

വനിത ടി20 ലോകകപ്പില്‍ പലപ്പോഴും ഇന്ത്യയുടെ തുറുപ്പ് ചീട്ടായി മാറിയ സ്‌പിന്നറാണ് ഉത്തർപ്രദേശില്‍ നിന്നുള്ള പൂനം യാദവ്. ഇതിനകം 66 ടി20 മത്സരങ്ങൾ കളിച്ച പൂനം 94 വിക്കറ്റുകൾ സ്വന്തമാക്കി. ലോകകപ്പിന് മുന്നേ പരിക്ക് കാരണം പൂനത്തിന് കളിക്കാനായില്ല. എന്നാല്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയുടെ നാല് വിക്കറ്റ് പിഴിത് പൂനം തന്‍റെ വരവറിയിച്ചു.

താനിയ ബാട്ടിയ

ഇന്ത്യക്ക് വേണ്ടി വിക്കറ്റിന് പിന്നില്‍ സദാ ജാഗരൂകയാണ് പഞ്ചാബില്‍ നിന്നുള്ള താനിയാ ബാട്ടിയ. യുവരാജ് സിങ്ങിന്‍റെ പിതാവിന്‍റെ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും കളിപഠിച്ച താനിയ ഇന്ന് ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌വുമണ്‍ എന്ന നിലയില്‍ അവിഭാജ്യ ഘടകമാണ്. പൂനം യാദവ് ഉൾപ്പെടെയുള്ള ഇന്ത്യയുടെ സ്‌പിന്നർമാർ കറക്കി എറിയുന്ന പന്തുകളില്‍ നിന്നും വിക്കറ്റുകൾ സ്വന്തമാക്കാന്‍ താനിയക്ക് പ്രത്യേക കഴിവ് തന്നെയുണ്ട്. ലോകകപ്പില്‍ ഇതിനം നടന്ന മത്സരങ്ങളില്‍ നാം ഇത് കാണുകയും ചെയ്‌തു. ലോകകപ്പില്‍ ഉടനീളം ആറ് ക്യാച്ചുകൾ താനിയ സ്വന്തമാക്കി. പിന്നാലെ നാല് പേരെ സ്റ്റമ്പ് ചെയ്‌തും പുറത്താക്കി. വിക്കറ്റ് കീപ്പിങ് കുടുംബ കാര്യമാണ് ഈ പഞ്ചാബുകാരിക്ക്. പിതാവ് സഞ്ജയ് ബാട്ടിയ പഞ്ചാബിന്‍റെ പഴയ വിക്കറ്റ് കീപ്പർ ബാറ്റ്സമാനായിരുന്നു. അനുജന്‍ സഹജ് ഭാട്യയും അതേ വഴിയിലാണ്.

രാധ യാദവ്

മുംബൈ സ്വദേശിനിയായ രാധ യാദവ് ബറോഡയുടെ അണ്ടർ 19 ടീമിലൂടെയാണ് ദേശീയ ടീമിൽ ഇടം പിടിക്കുന്നത്.2019-ൽ ഇന്ത്യൻ ടീമിന്‍റെ ഭാഗമായി.പിതാവ് ഓംപ്രകാശ് യാദവ് ചെറുകിട വ്യാപാരിയാണ്. ക്രിക്കറ്റ് ഇന്ന് രാധയുടെയും കുടുംബത്തിന്‍റയും ജീവിതം തന്നെ മാറ്റി മറിച്ചു. ടി20 മത്സരങ്ങളാണ് രാധയുടെ സ്‌പെഷ്യാലിറ്റി. 34 ടി20 മത്സരങ്ങളില്‍ നിന്നും രാധ ഇതിനകം 48 വിക്കറ്റുകൾ സ്വന്തമാക്കി. 23 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയതാണ് ഏറ്റവും മികച്ച പ്രകടനം.

വനിത ടി20 ലോകകപ്പ്.

ശിഖ പാണ്ഡേ

2014-ലാണ് ഓൾ റൗണ്ടർ ശിഖ പാണ്ഡേ ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്നത്. മൈതാനത്ത് എതിരാളികളെ വിറപ്പിക്കുന്ന ബോളറാണെങ്കിൽ ഗ്രൗണ്ടിന് പുറത്ത് ഇന്ത്യൻ വ്യോമസേനയിൽ ലഫ്റ്റ്നന്റ് ഗവർണറാണ് ശിഖ. ഗോവക്കായി നടത്തിയ മികച്ച പ്രകടനമാണ് ശിഖയെ ദേശീയ ടീമിൽ എത്തിച്ചത്. 2011 - ലാണ് ശിഖ വ്യോമസേനയിൽ ചേരുന്നത്. ഇതിനകം 49 ടി20 മത്സരങ്ങളില്‍ നിന്നും ശിഖ 204 റണ്‍സും 36 വിക്കറ്റുകളം സ്വന്തമാക്കി. 2 ടെസ്റ്റുകളും 52 ഏകദിന മത്സരങ്ങളും ശിഖ ഇതിനകം കളിച്ചിട്ടുണ്ട്.

വേദ ക്യഷ്ണമൂർത്തി

കർണാടക സ്വദേശിയാണ് വേദ ക്യഷ്ണമൂർത്തി. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടാനായി കർണാടകയിലെ ചിക്കമംഗളൂരുവിൽ നിന്നും കുടുംബസമേതം ബംഗളൂരുവിലേക്ക് താമസം മാറി. ഒടുവിൽ ഇന്ത്യൻ ടീമിൽ ഇടം നേടി. കരാട്ടേ പഠിച്ച വേദ 12 റാം വയസിൽ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കി. 75 ടി20 മത്സരങ്ങൾ കളിച്ച വേദ രണ്ട് അർദ്ധ സെഞ്ച്വറി അടക്കം 856 റണ്‍സ് സ്വന്തമാക്കി. പുറത്താകാതെ 57 റണ്‍സ് എടുത്തതാണ് ഏറ്റവും ഉയർന്ന സ്‌കോർ.

ജമീമ റോഡ്രിഗസ്

ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്‌വുമണ്‍മാരില്‍ ഒരാളാണ് മുംബൈ സ്വദേശിനിയായ ജമീമ റോഡ്രിഗസ്. 2018-ലാണ് ജമീമ ആദ്യ അന്താരാഷ്‌ട്ര മത്സരം കളിക്കുന്നത്. ബാറ്റിങ്ങിന് പുറമെ ഫീല്‍ഡിങ്ങിലും 19 വയസുള്ള ജമീമ മികച്ച പ്രകടനമാണ് കാഴ്‌ച്ചവെക്കുന്നത്. കായിക കുടുംബത്തിലാണ് ജമീമ ജനിച്ചത്. പിതാവ് ക്രിക്കറ്റ് പരിശീലകനാണ്. സ്വന്തമായി ക്രിക്കറ്റ് പരിശീലന കേന്ദ്രം നടത്തുകയാണ് അദ്ദേഹം. ഇരട്ട സഹോദരനൊപ്പം അവർ വളരെ ചെറുപ്പത്തിെല ക്രിക്കറ്റില്‍ കഴിവ് തെളിയിച്ചു. ക്രിക്കറ്റിന് പുറമെ ഹോക്കിയിലും ജമീമ കഴിവ് തെളിയിച്ചു. മഹാരാഷ്‌ട്രയുടെ അണ്ടർ 17 ഹോക്കി ടീമിലും ജമീമ കളിച്ചു. ഇതിനകം 43 ടി20 മത്സരങ്ങളില്‍ നിന്നും ജമീമ 930 റണ്‍സ് സ്വന്തമാക്കി. ടി20 മത്സരങ്ങളില്‍ നിന്നും ആറ് അർദ്ധ സെഞ്ച്വറിയും സ്വന്തമാക്കി. 72 റണ്‍സെടുത്തതാണ് ഏറ്റവും ഉയർന്ന സ്‌കോർ.

ദീപ്‌തി ശർമ്മ

ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടറാണ് ദീപ്‌തി ശർമ്മ. ഏകദിന ക്രിക്കറ്റില്‍ 2017-ല്‍ അയർലാന്‍ഡിന് എതിരെ 188 റൺസ് നേടിയ ദീപ്തി

ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്.

റിച്ച ഘോഷ്

ബംഗാൾ സ്വദേശിനിയായ റിച്ച ഘോഷ് അണ്ടർ 19 ടീമിലെ മികച്ച പ്രകടനത്തിലൂടെ അവസാന നിമിഷമാണ് ടീം ഇന്ത്യയില്‍ എത്തുന്നത്. മധ്യനിരയിലാണ് റിച്ച ബാറ്റ് ചെയ്യുന്നത്. ഇതിനകം രണ്ട് ടി20 മത്സരങ്ങൾ കളിച്ച റിച്ച 31 റണ്‍സെടുത്തു.

രാജേശ്വരി ഗെയ്ക്ക്‌വാദ്

ചലഞ്ചർ ടി20 ടൂർണമെന്‍റിലെ മികച്ച പ്രകടനമാണ് ഇടംകയ്യന്‍ സ്‌പിന്നറായ രാജേശ്വരി ഗെയ്‌ക്ക്‌വാദിന് തുണയായത്. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടി20 പരമ്പരയിലെ പ്രകടനവും താരത്തിന് തുണായായി. 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കിയതാണ് ഏറ്റവും മികച്ച പ്രകടനം.

അരുന്ധതി റെഡ്ഡി

2018-ലാണ് അരുന്ധതി റെഡ്ഡി ആദ്യ അന്താരാഷ്‌ട്ര മത്സരം കളിക്കുന്നത്. മീഡിയം പേസറായ അരുന്ധതി ഇതിനകം 20 ടി20 മത്സരങ്ങളില്‍ നിന്നായി 15 വിക്കറ്റുകൾ സ്വന്തമാക്കി. 19 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തിയതാണ് ഏറ്റവും ഉയർന്ന സ്‌കോർ.

ABOUT THE AUTHOR

...view details