ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യില്‍ ഇന്ത്യൻ വനിതകൾക്ക് 41 റൺസിന്‍റെ തോല്‍വി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റിന് 160 റൺസ് എന്ന കൂറ്റൻ സ്കോർ ഉയർത്തിയപ്പോൾ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 119 റൺസ് മാത്രമാണ് നേടാനായത്.
മുൻനിര തകർന്നു; ഇന്ത്യൻ വനിതകൾക്ക് തോല്‍വി - സ്മൃതി മന്ദാന
ഇന്ത്യയെ ഇംഗ്ലണ്ട് കീഴടക്കിയത് 41 റൺസിന്. തിരിച്ചടിയായത് മുൻ നിര താരങ്ങളുടെ ദയനീയ പ്രകടനം.
![മുൻനിര തകർന്നു; ഇന്ത്യൻ വനിതകൾക്ക് തോല്‍വി](https://etvbharatimages.akamaized.net/etvbharat/images/768-512-2602252-550-b7f4fd4a-91aa-4891-840f-91315cfd461a.jpg)
ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ഡാനിയേല വ്യാറ്റും(35) ടമി ബീമൗണ്ടും(62) ചേർന്ന് 89 റൺസെടുത്തു. അവസാന ഓവറുകളില്‍ 20 പന്തില്‍ നിന്ന് 40 റൺസെടുത്ത ഹീതർ നൈറ്റിന്‍റെ വെടിക്കെട്ട് പ്രകടനം കൂടിയായപ്പോൾ ഇംഗ്ലണ്ട് മികച്ച വിജയലക്ഷ്യമാണ് ഉയർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മുൻ നിര ബാറ്റ്സ്മാന്മാരുടെ ദയനീയ പ്രകടനം തിരിച്ചടിയായി. ഹർലിൻ ഡിയോൾ(8), സ്മൃതി മന്ദാന(2), ജമീമ റോഡ്രിഗസ്(2), മിതാലി രാജ്(7) എന്നിവർ രണ്ടക്കം കാണാതെ മടങ്ങി. 23 റൺസ് നേടിയ ശിഖ പാണ്ഡെയും 22 റൺസെടുത്ത ദീപ്തി ശർമ്മയും പൊരുതി നോക്കിയെങ്കിലും വിജയിക്കാനായില്ല. വേദ കൃഷ്ണമൂർത്തി(15), അരുന്ധതി റെഡ്ഢി(18) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
62 റൺസ് നേടിയ ഇംഗ്ലീഷ് താരം ടമീ ബിമൗണ്ടാണ് കളിയിലെ താരം.ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. മാർച്ച് ഏഴിനാണ് പരമ്പരയിലെ രണ്ടാം മത്സരം.