ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. രണ്ടാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്‍റെ അനായാസ ജയം നേടിയാണ് ഇന്ത്യ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കിയത്. ആദ്യ ഏകദിനത്തില്‍ ഇന്ത്യ 66 റൺസിന് വിജയിച്ചിരുന്നു.
ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ പെൺപടയ്ക്ക് പരമ്പര - ഇന്ത്യ വനിത ക്രിക്കറ്റ്
ഇംഗ്ലണ്ടിനെ ഇന്ത്യൻ വനിതകൾ കീഴടക്കിയത് ഏഴ് വിക്കറ്റിന്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി.
വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 161 റൺസിന് പുറത്താകുകയായിരുന്നു. 162 റൺസിന്‍റെ വിജയലക്ഷ്യം 41.1 ഓവറില്‍ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 63 റൺസെടുത്ത സ്മൃതി മന്ദാനയും 47 റൺസെടുത്ത മിതാലി രാജുമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. പൂനം റൗട്ട് 32 റൺസെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി അന്യ ഷ്രബ്സോൾ രണ്ട് വിക്കറ്റ് വീഴ്ത്തി.
85 റൺസെടുത്ത നതാലി സ്കിവർ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. 109 പന്തില്‍ നിന്ന് പന്ത്രണ്ട് ഫോറും ഒരു സിക്സും നേടിയസ്കിവർ ഇംഗ്ലണ്ടിനെ വൻ നാണക്കേടില്‍ നിന്നാണ്രക്ഷിച്ചത്. അവസാന വിക്കറ്റില്‍ സ്കിവറും അലക്സ് ഹാർട്ട്ലിയും ചേർന്ന് 42 റൺസാണ് നേടിയത്. ഇന്ത്യക്ക് വേണ്ടി ജുലൻ ഗോസ്വാമിയും ശിഖ പാണ്ഡെയും നാല് വിക്കറ്റുകൾ വീതം വീഴ്ത്തി. ജുലൻ ഗോസ്വാമിയാണ് കളിയിലെ താരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാന ഏകദിനം ഈ മാസം 28ന് വാങ്കഡേയില്‍ നടക്കും. ഏകദിനത്തിന് പിന്നാലെ മൂന്ന് ടി-20 മത്സരങ്ങളും പര്യടനത്തിലുണ്ട്.