മുംബൈ: ഓസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലിയുടെ നേതൃത്വത്തില്‍ 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇതിനൊപ്പം നെറ്റ് ബൗളർമാരെയും സ്റ്റാൻഡ് ബൈടീം അംഗങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ഇന്ത്യൻ ടീമില്‍ ഇടം പിടിച്ച ടി നടരാജൻ, നവദീപ് സെയ്‌നി എന്നിവർ ടീമിലില്ല.
അതേസമയം, സ്‌പിന്നർ അക്‌സർ പട്ടേലിന് ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളി വന്നു. വിരാട് കോലി മടങ്ങിയെത്തുന്നതോടെ അജിങ്ക്യ രഹാനെ ഉപനായകനാകും. രോഹിത് ശർമ, ശുഭ്‌മാൻ ഗില്‍, മായങ്ക് അഗർവാൾ എന്നിവർ സ്ഥാനം നിലനിർത്തിയപ്പോൾ പ്രിഥ്വി ഷാ പുറത്തായി. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. കെഎല്‍ രാഹുലും ടീമിലുണ്ട്. പേസ് ബൗളർമാരില്‍ ജസ്പ്രീത് ബുംറ, ഇശാന്ത് ശർമ, മുഹമ്മദ് സിറാജ്, ശാർദുല്‍ താക്കൂർ എന്നിവർ ഇടം നേടി. ഷമി, ഉമേഷ് യാദവ് എന്നിവർ പരിക്ക് മൂലം പുറത്താണ്. സ്‌പിന്നർമാരില്‍ ആർ. അശ്വിൻ, കുല്‍ദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, അക്‌സർ പട്ടേല്‍ എന്നിവരുണ്ട്.
പരിക്കേറ്റ രവി ജഡേജ ടീമിലില്ല. സ്റ്റാൻഡ് ബൈസായി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ കെഎസ് ഭരത്, ബാറ്റ്‌സ്‌മാൻ അഭിമന്യു ഈശ്വരൻ, ഷഹബാദ് നദീം, രാഹുല്‍ ചഹർ, പ്രിയങ്ക് പഞ്ചല്‍ എന്നിവരെ ഉൾപ്പെടുത്തി. നെറ്റ് ബൗളർമാരായി അങ്കിത് രജ്‌പുത്, ആവേശ് ഖാൻ, മലയാളി താരം സന്ദീപ് വാരിയർ, കൃഷ്‌ണപ്പ ഗൗതം, സൗരഭ് കുമാർ എന്നിവരെ ഉൾപ്പെടുത്തി. മുൻ ഇന്ത്യൻ താരം ചേതൻ ശർമയുടെ അധ്യക്ഷതയിലുള്ള സെലക്‌ടർമാരുടെ സംഘം ഇന്ന് യോഗം ചേർന്നാണ് ടീമിനെ പ്രഖ്യാപിച്ചത്. സുനില്‍ ജോഷി, ദേബാശിഷ് മൊഹന്തി, ഹർവിന്ദർ സിങ്, അബി കുരുവിള തുടങ്ങിയ മുൻ താരങ്ങളാണ് സെലക്ഷൻ കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. യോഗത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി സൂം വഴി പങ്കെടുത്തു.
പരമ്പരയിലെ രണ്ട് മത്സരങ്ങളും ചെന്നൈയില്‍ നടക്കും. ആദ്യ മത്സരം ഫെബ്രുവരി അഞ്ച് മുതല്‍ ഒൻപത് വരെയും രണ്ടാം മത്സരം ഫെബ്രുവരി 13 മുതല്‍ 17വരെയുമാണ്. ഇപ്പോൾ ശ്രീലങ്കയിലുള്ള ഇംഗ്ലണ്ട് ടീം ഈമാസം 27ന് ഇന്ത്യയിലെത്തും. ശ്രീലങ്കൻ പര്യടനത്തില്‍ ഉൾപ്പെടാത്ത ഇംഗ്ലീഷ് ക്രിക്കറ്റ് ടീം അംഗങ്ങൾ ഈ മാസം 23ന് ഇന്ത്യയിലെത്തും.