ന്യൂഡൽഹി:ഇന്ത്യൻ ടീമിലെ സ്പിന്നര്‍മാരുടെ പ്രകടനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ വിവിഎസ് ലക്ഷ്മൺ. നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായെങ്കിലും സ്പിന്‍ വിഭാഗം മെച്ചപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന ടി20 മത്സരങ്ങളില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മികവു പുലര്‍ത്താനായിരുന്നില്ല. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ലക്ഷമണിന്‍റെ പ്രതികരണം.
ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മികവ് പുലര്‍ത്തണം; ആശങ്ക പ്രകടിപ്പിച്ച് ലക്ഷ്മണ്‍ - യുസ്വേന്ദ്ര ചാഹല്‍
ഇംഗ്ലണ്ടിനെതിരായ ഏകദിന ടി20 മത്സരങ്ങളില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മികവു പുലര്‍ത്താനായിരുന്നില്ല. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ലക്ഷമണിന്‍റെ പ്രതികരണം.
'മൂന്ന് ലോകകപ്പുകളിലാണ് അടുത്ത രണ്ടര വർഷത്തിനിടെ ടീം ഇന്ത്യ പങ്കെടുക്കുന്നത്. ഇന്ത്യന്‍ സ്പിൻ ബൗളർമാരുടെ ഏകദിന മത്സരങ്ങളിലെ പ്രകടനം വലിയ ആശങ്ക ജനിപ്പിക്കുന്നതാണ്. ചാഹലും, യാദവും ടീമിന്‍റെ ആത്മവിശ്വാസമാണ് ഇല്ലാതാക്കിയിരിക്കുന്നത്. വെറും രണ്ട് വർഷങ്ങൾ മാത്രമാണ് ഏകദിന ലോകകപ്പിനുള്ളത്. സ്പിന്നർമാരുടെ പ്രധാന റോൾ മധ്യ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്തുക എന്നതാണ്. ഇക്കാരണത്താല്‍ തന്നെ സ്പിന്നർമാർ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്'- ലക്ഷ്മൺ പറഞ്ഞു.
സ്പെഷലിസ്റ്റ് സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹലും കുൽദീപ് യാദവും ഇംഗ്ലണ്ടിനെതിരായ മത്സരങ്ങളില്‍ പരാജയമായിരുന്നു. മത്സരത്തില്‍ വിക്കറ്റുകള്‍ നേടാനാവാത്ത താരങ്ങള്‍ കൂടുതല്‍ റണ്‍ വഴങ്ങുകയും ചെയ്തു. നടക്കാനിരിക്കുന്ന ഐപിഎല്ലിലും ഇരുവര്‍ക്കും ഫോം തെളിയിക്കാനായില്ലെങ്കില്‍ യുവ താരങ്ങളായ അക്ഷർ പട്ടേൽ, രാഹുൽ ചഹാർ, വാഷിങ്ടൺ സുന്ദർ, രാഹുൽ തെവാട്ടിയ എന്നിവരിലാര്‍ക്കെങ്കിലും അവസരം ലഭിച്ചേക്കും.