കിങ്സ്‌റ്റണ്‍ (ജമൈക്ക): ഇന്ത്യാ വെസ്‌റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിന് ഇന്ന് കിങ്സ്റ്റണിലെ സബീനാ പാര്‍ക്ക് സ്റ്റേഡിയത്തില്‍ തുടക്കമാകും. ആദ്യ ടെസ്റ്റില്‍ 318 റണ്‍സിന്‍റെ ആധികാരിക ജയം സ്വന്തമാക്കിയ ഇന്ത്യ സമാനപ്രകടനം പുറത്തെടുത്ത് പരമ്പര തൂത്തുവാരാനുള്ള ശ്രമത്തിലാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണ് വെസ്‌റ്റ് ഇന്‍ഡീസില്‍ നടക്കുന്നത്. ആദ്യ മത്സരത്തിലെ ടീമിനെത്തന്നെ ഇന്ത്യ നിലനിര്‍ത്തിയേക്കും. രണ്ടാം ടെസ്‌റ്റില്‍ വിജയിക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡില്‍ ധോണിയെ മറികടക്കാന്‍ കോലിക്കാകും.
രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം: പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, അഭിമാനജയം തേടി കരീബിയന്‍ പട - ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ്
ടെസ്‌റ്റ് പരമ്പരയും നേടി പര്യടനം തൂത്തുവാരാനൊരുങ്ങുകയാണ് ടീം ഇന്ത്യ. കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡില്‍ ധോണിയെ മറികടക്കാന്‍ കോലി.
ബോളര്‍മാരുടെ മികച്ച പ്രകടനമാണ് ഇന്ത്യയുടെ കരുത്ത്. ബുറയും, ഇഷാന്ത് ശര്‍മയും, മുഹമ്മദ് ഷമിയും അടങ്ങുന്ന പേസ് നിര ശക്തമാണ്. ഇവര്‍ക്ക് പിന്തുണയായി ഓള്‍റൗണ്ടര്‍ ജഡേജയും ചേരുന്നതോടെ ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റിന് ശക്തി കൂടും. ബാറ്റിങിലും സന്തുലിതമാണ് ടീം ഇന്ത്യ. കഴിഞ്ഞ മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്‌ചവച്ച വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും, മധ്യനിരയിലെ പുതുമുഖം ഹനുമാ വിഹാരിയുടെ മികച്ച ഫോമും ടീമിന് കരുത്ത് നല്‍കുന്നു.
അതേസമയം മറുവശത്ത് ബാറ്റിങ് നിരയുടെ ഫോമില്ലായ്മയാണ് വെസ്‌റ്റ് ഇന്‍ഡീസ് നേരിടുന്ന വെല്ലുവിളി. കഴിഞ്ഞ മത്സരത്തില്‍ 419 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കരീബിയന്‍ പട 100 റണ്‍സിന് പുറത്താവുകയായിരുന്നു. ട്വന്‍റി20 പരമ്പര 3-0നും ഏകദിന പരമ്പര 2-0നും സ്വന്തമാക്കിയ ടീം ഇന്ത്യ ടെസ്‌റ്റ് പരമ്പരയും നേടി പര്യടനം തൂത്തുവാരാനൊരുങ്ങുമ്പോള്‍, ഒരു മത്സരമെങ്കിലും ജയിച്ച് നാണക്കേടിന്‍റെ കനം കുറയ്ക്കാനാകും വെസ്റ്റ് ഇന്‍ഡീസിന്‍റെ ശ്രമം.