ഗയാന: ഇന്ത്യ - വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ഗയാനയില്‍ തുടക്കം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം കൂടിയാണ് നാളെ തുടങ്ങുന്നത്. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി ഏഴിന് മത്സരം തുടങ്ങും. ഇന്ത്യൻ പരിശീലകനായി രവിശാസ്ത്രിയുടെ രണ്ടാമൂഴത്തിന് കൂടിയാണ് നാളത്തെ മത്സരം വേദിയാകുന്നത്. ലോകേഷ് രാഹുലും മായങ്ക് അഗർവാളും ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്തേക്കും. പൂജാര, കോലി, രഹാനെ എന്നിവർക്ക് ശേഷം രോഹിത് ശർമ്മയോ ഹനുമ വിഹാരിയോ അഞ്ചാം നമ്പരില്‍ ബാറ്റ് ചെയ്യും. വിക്കറ്റ് കീപ്പറുടെ റോളില്‍ റിഷഭ് പന്ത്, വൃദ്ധിമാൻ സാഹ എന്നിവരില്‍ ഒരാൾക്ക് അവസരം ലഭിക്കും. അശ്വിൻ, ജഡേജ, കുല്‍ദീപ് യാദവ് എന്നിവരില്‍ നിന്ന് രണ്ട് പേർ സ്പിന്നർമാരായി ടീമിലെത്തും. ബുംറ, ഷമി, ഇശാന്ത് ശർമ്മ എന്നിവർ പേസ് ബൗളിങ് നിരയെ നയിക്കും.
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം - india vs west Indies match tomorrow
ലോകേഷ് രാഹുലിനൊപ്പം മായങ്ക് അഗര്‍വാൾ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തേക്കും. വൺ ഡൗണായി ചേതേശ്വർ പൂജാരയും പേസ് ബൗളിങിന് ശക്തിപകരാൻ ജസ്പ്രീത് ബുംറയും ഇന്ത്യൻ ടീമിലെത്തും.
ഇന്ത്യ എ ത്രിദ്വിന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ രോഹിതിനെ പരിഗണിക്കാതെ രഹാനെയെ ഇറക്കി വീണ്ടും പരാജയപ്പെട്ടാല്‍ വിവാദത്തിലേക്ക് പോയേക്കുമെന്നതിനാല്‍ തീരുമാനം നിര്‍ണായകമാണ്. ലോകകപ്പിലെ സെമി ഫൈനല്‍ പരാജയത്തിന് ശേഷം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന, ട്വന്‍റി 20 പരമ്പരകൾ ഇന്ത്യ നേടിയിരുന്നു. വെസ്റ്റിൻഡീസ് നിരയില്‍ നായകൻ ജേസൻ ഹോൾഡറുടെ ഓൾറൗണ്ട് മികവിനെ ഇന്ത്യ എങ്ങനെ അതിജീവിക്കും എന്നത് പ്രധാനമാണ്. ഓപ്പണറായി ബ്രാത്‌വെയ്റ്റ്, മധ്യനിരയില്‍ ഡാരൻ ബ്രാവോ, ജോൺ കാംപെല്‍ എന്നിവർ തിരിച്ചെത്തും. വിക്കറ്റ് കീപ്പറുടെ റോളില്‍ ഷെയ്ൻ ഡൗറിച്ചും പേസ് ബൗളിങ് ഡിപ്പാർട്ട്മെന്‍റില്‍ ഷാനൺ ഗബ്രിയേലും ടീമിലെത്തും.